ചെറുവത്തൂര്‍ : നന്മകളെ കണ്കെട്ടു വിദ്യയാക്കി കണ്മുന്നില് നിന്ന് മറയ്ക്കുമ്പോള്‍ പ്രതിരോധത്തിന്റെ കാഹള ധ്വനി മുഴക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടകയാത്ര – ഇന്ത്യ സ്റ്റോറി – ജില്ലയില്‍ പ്രയാണം തുടരുന്നു. അദൃശ്യമാക്കുന്ന വാനിഷിംഗ് ഗെയിമായി രാജ്യഭരണം മാറുമ്പോള്‍ ഏഴ് പതിറ്റാണ്ടിലേറേ കാലം മാനവികത ഉയര്‍ത്തിപ്പിടിച്ചു മുന്നേറിയ ഭാരതത്തിലെ ജനാധിപത്യം, മതേതരത്വം, തുല്യത, സാമൂഹ്യ നീതി എന്നിവയെല്ലാം അദൃശ്യമാക്കപ്പെടുകയാണെന്ന് ജാഥയിലെ കലാ പരിപാടികള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. വാക്കിന്റെ ഊക്കിനെ ഭയക്കുന്ന ഭരണാധികാരികള്‍ എതിര്‍ശബ്ദമുയര്‍ത്തുന്ന നാക്കറുത്തു മാറ്റുന്നു.
രാഷ്ട്ര ഭരണത്തിന്റെ കൊടിയടയാളമായി ബുള്‍ഡോസര്‍ മാറുന്നു. ‘അസഹിഷ്ണുതയുടെയും അവഗണനയുടെയും ബുള്‍ഡോസര്‍ കൈകള്‍ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എത്തിരെ മാത്രമല്ല ഫെഡറലിസത്തിന്റെ വേരും പിഴുതെറിയുമ്പോള്‍ ഞെരിഞ്ഞമരുന്ന തുരുത്തായി കേരളവും മാറുന്നു. കാലാവസ്ഥാ വ്യതിയാനം പ്രകൃതിക്ഷോഭത്തിന്റെയും പകര്‍ച്ചവ്യാധികളുടെയും രൂപത്തില്‍ തകര്ത്താക്രമിച്ച കേരളം കേന്ദ്ര അവഗണനയുടെ ബുള്‍ഡോസര്‍ കൈകളില്‍ ഞെരിഞ്ഞമരുമ്പോള്‍ സംഘശക്തിയുടെ കരുത്തുയര്‍ത്തി പ്രതിരോധിക്കാന്‍ നാടകയാത്ര ആഹ്വാനം ചെയ്യുന്നു. ജനുവരി 19 ന് കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രയാണമാരംഭിച്ച ഉത്തര മേഖല നാടകയാത്രയാണ് രണ്ടു ദിവസമായി ജില്ലയില്‍ കലാ പരിപാടികള്‍ അവതരിപ്പിക്കുന്നത്.
ചെറുവത്തൂര്‍ , മടിക്കൈ മേക്കാട്ട്, എന്നീ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് ഊഷ്മള വരവേല്പ് ലഭിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ 9 മണി മുന്നാട്, 11.30ബിരിക്കുളം 3.30 കൊയോങ്കര എന്നീ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും. എം.എസ്. അരവിന്ദ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിലെ ഗാനങ്ങള്‍ രചിച്ചത് എം.എം സചീന്ദ്രന്‍ ആണ്. എ.എം. ബാലകൃഷ്ണന് മാനേജറും ബിന്ദു പീറ്റര്‍ ക്യാപ്റ്റനുമായുള്ള ജാഥയില്‍ 15 അംഗങ്ങളുണ്ട്. ചെറുവത്തൂര്‍ സ്വീകരണ കേന്ദ്രത്തില്‍ കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. എം.വിജയകുമാര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി പി.കുഞ്ഞികണ്ണന്‍, പ്രസി: വി.ടി. കാര്‍ത്യായനി, എം.വി.ഗംഗാധരന്, ആര്. ഗീത, വി. മധുസുദനന്‍, തുടങ്ങിയവര്‍സംസാരിച്ചു..
