കാഞ്ഞങ്ങാട്: വ്യാപാരമേഖലയിലെ കുത്തക വല്‍ക്കരണം തടയുക, വാടകയ്ക്ക് മേലുള്ള ജി.എസ്.ടി. പൂര്‍ണ്ണമായും ഒഴിവാക്കുക, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 18ന് ദല്‍ഹിയില്‍ വ്യാപാരികള്‍ നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ച് ചരിത്രസംഭവമായി മാറുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അപ്സര രാജു.
ഏകോപന സമിതി നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് ജി.എസ്.ടി. ഇന്‍പുട്ട് ടാക്സില്‍ നിന്ന് 15 ലക്ഷത്തോളം വ്യാപാരികളെ രക്ഷിക്കാനും വര്‍ഷം 3600 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞതായി അപ്സര രാജു പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക സംസ്ഥാന പ്രസിഡണ്ടായിരുന്ന ഏ. പൂക്കുഞ്ഞ്, സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണന് കക്കാണത്ത് എന്നിവരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വ്യാപാര ഭവനില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അപ്സര രാജു. ജി.എസ്.ടി. സംബന്ധമായ തീരുമാനങ്ങള്‍ യഥാസമയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കണമെന്ന് ഏകോപന സമിതി പ്രസിഡണ്ട് ആവശ്യപ്പെട്ടു.
വ്യാപാരി സമൂഹത്തിനും നാടിന്റെ പൊതുനന്മയ്ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാക്കളായിരുന്നു എ. പൂക്കുഞ്ഞും കൃഷ്ണന് കക്കാണത്തുമെന്നും അവരുടെ മാതൃക പിന്‍പറ്റാന്‍ വ്യാപാരികള്‍ സന്നദ്ധരാകണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാപ്പുഹാജി, സംസ്ഥാന ട്രഷറര്‍ ദേവരാജന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ പാലക്കി, സെക്രട്ടറി സി.കെ. ആസിഫ്, വൈസ് പ്രസിഡണ്ട് പി.പി. മുസ്തഫ, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് രേഖാ മോഹന്‍ദാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. സത്യകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികച്ച പ്രവര്‍ത്തനം നടത്തിയ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് സി.കെ. ആസിഫിനെ സംസ്ഥാന പ്രസിഡണ്ട് അപ്സര രാജു പൊന്നാടയണിയിച്ചു. ഏ. പൂക്കുഞ്ഞിന്റെ മകന് ഖയ്യൂമിനെ ഉപഹാരം നല്കി ആദരിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് സ്ഥാപക നേതാക്കളായിരുന്ന എ. പൂക്കുഞ്ഞിന്റെയും കൃഷ്ണന് കക്കാണത്തിന്റെയും സ്മരണ തുടിക്കുന്ന പ്രൗഢമായ ചടങ്ങില്‍ കെ.എം.എ മുന്‍ പ്രസിഡണ്ടുമാരും ആദ്യകാല നേതാക്കളും പോഷക ഘടകങ്ങളുടെ പ്രതിനിധികളും മുതിര്‍ന്ന വ്യാപാരികളും ഉള്പ്പെടെസംബന്ധിച്ചു.
