നീലേശ്വരം : ദേശീയപാത നീലേശ്വരം പുഴക്ക് പാലം നിര്‍മ്മിക്കാന്‍ അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടതോടെ നെല്‍ക്കൃഷി വെള്ളം കെട്ടി നിന്ന് നശിച്ചു. പരുത്തി പുഴയുടെ ഭാഗത്താണ് 40 ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി നശിക്കുന്നത്.
കരുണാകരന്‍ ആലയി മൂന്ന് ഏക്കര്‍ , രാജു എ.വി രണ്ടര ഏക്കര്‍ , മനോഹരന്‍ കയ്യില്‍ കേളു എന്നിവരുടെ നെല്‍ക്കൃഷികളാണ് പ്രധാനമായും നശിച്ചത്.
തുലാവര്‍ഷം കഴിഞ്ഞാണ് ഇവിടെ കര്‍ഷകര്‍ നെല്‍ക്കൃഷി നടത്താറുള്ളത്.
നീലേശ്വരം പുഴക്ക് പാലം പണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിട്ടിട്ടുള്ളത്. വെള്ളം അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി പോകാന്‍ ഒരു ഓവ് ചാലിന്റെ വീതി മാത്രമെയുള്ളു. അതു കൊണ്ടാണ് നീലേശ്വരം പുഴയുടെ കൈവഴിയായ അരയി പുഴയിലും പരുത്തി പുഴയിലും വെള്ളം കെട്ടി നിന്ന് നെല്‍ക്കൃഷി നശിക്കാനിടയായത്. വെള്ളം കെട്ടി നിന്ന് നെല്‍ക്കൃഷി നശിച്ച പ്രദേശം കാഞ്ഞങ്ങാട് സബ് കലക്ടര്‍ പ്രതിക് ജെയിന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, കെ വി പ്രമോദ്, വി ചന്തു, മടിക്കൈ കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍സന്ദര്‍ശിച്ചു.
