കാസര്കോട്: മഞ്ചേശ്വരം താലൂക്കിലെ കുബനൂര് വില്ലേജില് ദേര്ജാലില് പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടില് നിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസില് പ്രതിക്ക് ഒരു വര്ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. ദേര്ജാല് ഹൗസില് ഡി.എം. സക്കരിയ്യ എന്ന ജിക്കി (38) നെയാണ് കാസര്കോട് അഡീഷണല് ഡിസ്ട്രിക്ട് ആന്ഡ് സെഷന്സ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില് രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം. 2021 ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12.45നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ കുടുംബവീട്ടിലെ കിടപ്പുമുറിയില് നിന്നാണ് കഞ്ചാവ് പിടികൂടിയത്. അന്ന് കുമ്പള എക്സൈസ് റേഞ്ച് ഇന്സ്പെക്ടറായിരുന്ന നൗഫലും സംഘവുമാണ് പരിശോധന നടത്തിയത്.
അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിച്ചത് അന്നത്തെ കാസര്കോട് എക്സൈസ് ഇന്സ്പെക്ടറായിരുന്ന ജോയ് ജോസഫാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല് ഗവണ്മെന്റ് പ്ലീഡര് ചന്ദ്രമോഹനനും അഡ്വ. ചിത്രകലയും ഹാജരായി.
