പെരിയ: തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടഭീഷണി ഉയര്‍ത്തി പെരിയ മൂന്നാംകടവ്. വളം കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റ് ഞായറാഴ്ച ഗൃഹപ്രവേശനം കഴിഞ്ഞ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തില്‍ കണ്ണൂര്‍ പിണറായി സ്വദേശിയായ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 12.20 ഓടെയാണ് അപകടം. കുണ്ടംകുഴി ഭാഗത്തേക്ക് വളം കയറ്റി പോവുകയായിരുന്ന ലോറി മൂന്നാംകടവ് ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മുഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ആദ്യം ചെങ്കള ഇന്ദിരാനഗറിലെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവറെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അശാസ്ത്രീയമായി നിര്‍മിച്ച മൂന്നാംകടവ് വളവില്‍ നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. പാലം കഴിഞ്ഞുള്ള കയറ്റവും വളവും കാരണം അമിതഭാരവുമായി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും പിന്നിലേക്ക് ഉരുളാനും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനും സാധ്യത ഏറെയാണ്.
കഴിഞ്ഞയാഴ്ച സ്ഥലത്ത് അളവെടുപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അളവെടുപ്പില്‍ മാത്രം നടപടികള്‍ ഒതുങ്ങരുതെന്നും നിലവിലെ റോഡിന്റെ അപകടസാധ്യതകള്‍ പരിശോധിച്ച് അനുയോജ്യമായ പുതിയ അലൈന്‍മെന്റ് കണ്ടെത്തി ശാസ്ത്രീയമായ രീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇവിടുത്തെ വൈദ്യുതിത്തൂണ്‍ ഇതിനകം മൂന്ന് തവണ മാറ്റി സ്ഥാപിക്കേണ്ടി വന്നതും സ്ഥലത്തെ ഗുരുതരമായ സാഹചര്യം വ്യക്തമാക്കുന്നു.
പെരിയ മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം; ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
