മേല്‍പ്പറമ്പ: ദേശീയപാത നിര്‍മാണത്തിനായി എത്തിച്ച ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ പ്രജ്വല്‍ (33), പടന്ന തെക്കേക്കാട് സ്വദേശി പാവൂര്‍ വീട്ടില്‍ പി.വി. ശ്രീജേഷ് (36) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ചട്ടഞ്ചാലിലെ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ നിന്നാണ് 30 ഇരുമ്പ് പൈപ്പുകള്‍ മോഷണം പോയത്. കമ്പനിയുടെ സെക്യൂരിറ്റി ഓഫീസര്‍ പുഷ്പരാജിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ദേശീയപാതയില്‍ സംശയകരമായി കണ്ട മിനി ലോറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ പൈപ്പുകള്‍ കണ്ടെത്തിയത്. പൈപ്പുകള്‍ ലോറിയില്‍ കയറ്റി കടത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
