സേവനമാണ് സമാജത്തിന് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ കര്‍ത്തവ്യം: ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍

ബളാംതോട് : നമുക്ക് സമാജത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കര്‍ത്തവും സേവനമാണെന്ന് ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ വച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ‘ചിദാനന്ദം 2026 ‘ധര്‍മ്മ പ്രഭാക്ഷണ പരമ്പരയിലെ മൂന്നാം ദിവസം ഭക്തരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാത്ത സ്ഥിതിയിലേക്ക് സമൂഹം മാറുന്നു. അയല്‍ക്കാരോട് പോലും സംസാരിക്കാത്ത രീതിയില്‍ മനുഷ്യന്‍ മാറി.വിഷമതകള്‍ പരസ്പരം പങ്കുവയ്ക്കാനുള്ള മനസ്സ് ഒറ്റപ്പെടലിന്റെ നൊമ്പരം കുറക്കുവാന്‍ സാധിക്കും. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് ദാഹജലവും, രോഗിക്ക് ഔഷധവും നല്‍കാന്‍ നമുക്ക് സാധിക്കണം. ഇത് ഭഗവാന് തന്നെയുള്ള സേവനമാണെന്നും ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. വിവാഹ ആര്‍ഭാടങ്ങളും, ക്ഷേത്ര ഉത്സവ ആര്‍ഭാടങ്ങളും ഒഴിവാക്കണമെന്നും സ്വാമികള്‍ പറഞ്ഞു. ക്ഷേത്ര ഉല്‍സവങ്ങള്‍ ഭക്തിപൂര്‍വ്വം ലളിതമായ രീതിയില്‍ വേണമെന്നും സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ധര്‍മ്മ പ്രഭാഷണ പരമ്പര നാളെ അവസാനിക്കും. നിരവധി ഭക്തജനങ്ങള്‍ ഇന്നും സ്വാമികളുടെ പ്രഭാക്ഷണം ശ്രവിക്കാന്‍ എത്തിയിരുന്നു.

 

error: Content is protected !!