വിരലുകള്‍ തിരശ്ശീലയില്‍ നിന്ന് മാറ്റാം, കണ്ണുകള്‍ ആരോഗ്യത്തിലേക്ക് കൊണ്ടുവരാം
ഇന്നത്തെ ജീവിതത്തില്‍ തിരശ്ശീല ഒഴിവാക്കുക എളുപ്പമല്ല. പഠനം, ജോലി, ആശയവിനിമയം, വിനോദം തുടങ്ങി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പല മേഖലകളിലും ചലഭിത്തി, കണിനി, കൈക്കണിനി, ദൂരദര്‍ശിനി തുടങ്ങിയവ അനിവാര്യമായി മാറിയിരിക്കുന്നു.
അതിനാല്‍ തിരശ്ശീലയോട് ‘വേണ്ട’ എന്ന് പറയുക എന്നതല്ല പരിഹാരം. പകരം എത്ര സമയം ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു, ഇടവേള എടുക്കുന്നുണ്ടോ, കണ്ണുകള്‍ക്ക് ആവശ്യമായ പരിചരണം നല്കുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.
തിരശ്ശീല ഉപയോഗം കണ്ണുകളെ എങ്ങനെ ബാധിക്കും?
ദീര്‍ഘനേരം തിരശ്ശീലയിലേക്ക് നോക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയും. ഇതുമൂലം കണ്ണിന്റെ വരള്‍ച്ച, കുത്തുന്ന പോലുള്ള തോന്നല്‍, ചുവപ്പ്, കണ്ണുനീര്, കാഴ്ച മങ്ങല്‍, തലവേദന, കണ്ണിന് ചുറ്റുമുള്ള അസ്വസ്ഥത എന്നിവ ഉണ്ടാകാം.
പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും തിരശ്ശീല ഉപയോഗം കൂടുന്നതിനൊപ്പം പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്വാഭാവിക വെളിച്ചത്തിനുമുള്ള സമയം കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്.
തിരശ്ശീല ഉപയോഗം കുറയ്ക്കാന്‍ എന്തുചെയ്യാം?
1. ആവശ്യവും അനാവശ്യവും തിരിച്ചറിയുക
പഠനത്തിനോ ജോലിക്കോ വേണ്ടിയുള്ള സമയവും വെറുതെ തിരയല്‍, കളികള്‍, ദൃശ്യങ്ങള്‍ കാണല്‍ തുടങ്ങിയ വിനോദത്തിനുള്ള സമയവും വേര്‍തിരിച്ചറിയുക. പല വീടുകളിലും കുട്ടികളുടെ തിരശ്ശീല ഉപയോഗം മേല്‍നോട്ടമില്ലാതെയാണ് നടക്കുന്നത്, അത് പിന്നീട് പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അതുകൊണ്ട് കുട്ടിക്ക് ചലഭിത്തി നല്‍കുന്നതോടൊപ്പം അതിനുള്ള അതിരുകളും നിയമങ്ങളും രക്ഷിതാക്കള്‍ തന്നെ നിശ്ചയിക്കണം. എന്ത് കാണണം, എപ്പോള്‍ കാണണം, എത്ര നേരം കാണണം, എപ്പോള്‍ മാറ്റിവയ്ക്കണം എന്നതില്‍ മാതാപിതാക്കളുടെ സജീവമായ മേല്‍നോട്ടം ആവശ്യമാണ്.
2. തിരശ്ശീലയില്ലാത്ത സമയങ്ങള്‍ നിശ്ചയിക്കുക
ഭക്ഷണ സമയത്തും കുടുംബത്തോടൊപ്പമുള്ള സമയത്തും ഉറങ്ങുന്നതിന് മുമ്പും ചലഭിത്തി മാറ്റിവയ്ക്കുന്ന ശീലം വളര്‍ത്തുക.
3. 20-20-20 നിയമം പാലിക്കുക
20 മിനിറ്റ് തിരശ്ശീല ഉപയോഗിച്ചതിന് ശേഷം 20 സെക്കന്‍ഡ് നേരത്തേക്ക് ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് നോക്കുക.
4. തിരശ്ശീല കണ്ണിനോട് വളരെ അടുത്ത് പിടിക്കരുത്
ചലഭിത്തി കണ്ണിനോട് ചേര്‍ത്തുപിടിച്ച് ദീര്‍ഘനേരം നോക്കുന്നത് ഒഴിവാക്കുക. കണിനി ഉപയോഗിക്കുമ്പോള്‍ തിരശ്ശീല അനുയോജ്യമായ അകലത്തിലും കണ്ണിന്റെ നിലയോട് ഏകദേശം സമനിലയിലോ അല്പം താഴെയോ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
5. ഇടവേളകളില്‍ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക
തുടര്‍ച്ചയായി മണിക്കൂറുകളോളം നോക്കുന്നതിനു പകരം ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, പുറത്തേക്ക് നോക്കുക, കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.
6. ഉറക്കത്തിന് മുമ്പുള്ള ഉപയോഗം കുറയ്ക്കുക
പ്രത്യേകിച്ച് കുട്ടികളില്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള അനാവശ്യ ഉപയോഗം ഒഴിവാക്കുന്നത് നല്ല ശീലമാണ്.
7. കുട്ടികള്‍ക്ക് പുറംലോക സമയം നല്‍കുക
തിരശ്ശീല സമയം കുറയ്ക്കുന്നതിനൊപ്പം കളി, വായന, ചിത്രരചന, സംഗീതം, കുടുംബസമയം, പുറത്തുള്ള കളികള്‍ തുടങ്ങിയ തിരശ്ശീലയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
കണ്ണുകളുടെ ആരോഗ്യത്തിന് ആയുര്‍വേദപരമായ സമീപനം
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആഹാരം, ഉറക്കം, ദിനചര്യ, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, ശരിയായ നേത്രപരിചരണം എന്നിവയ്ക്കും പ്രാധാന്യമുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണം
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള സമീകൃതാഹാരം ശീലമാക്കുക. പച്ചിലക്കറികള്‍, വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പ്-പയര്‍ വര്‍ഗങ്ങള്‍, വിത്തുകളും കുരുവും, മുട്ട, മീന്‍, മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ”കണ്ണിനായി ഒരു പ്രത്യേക ഭക്ഷണം” എന്നതിലുപരി, വൈവിധ്യമാര്‍ന്ന സമീകൃതാഹാരമാണ് ശീലമാക്കേണ്ടത്.
മതിയായ ഉറക്കം
ഉറക്കക്കുറവ് കണ്ണിന്റെ ക്ഷീണം, വരള്‍ച്ച, കണ്ണിന് ചുറ്റുമുള്ള അസ്വസ്ഥത എന്നിവ വര്‍ധിപ്പിക്കാം. അതിനാല്‍ സ്ഥിരമായ ഉറക്കം പാലിക്കുക. ദീര്‍ഘനേരം തിരശ്ശീലയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണിനൊപ്പം മനസ്സിനും വിശ്രമം ആവശ്യമാണ്. ചെറിയ ഇടവേളകളില്‍ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ചെറിയ നടത്തം, പ്രകൃതിയിലേക്ക് നോക്കല്‍ തുടങ്ങിയവയും ധ്യാനവും ശീലമാക്കാം.
ആയുര്‍വേദ നേത്രപരിചരണം
വ്യക്തിയുടെ പ്രകൃതി, പ്രായം, ആരോഗ്യസ്ഥിതി, നേത്രരോഗാവസ്ഥ എന്നിവ പരിഗണിച്ചാണ് ആയുര്‍വേദത്തിലെ നേത്രപരിചരണ രീതികള്‍ തിരഞ്ഞെടുക്കേണ്ടത്. ആവശ്യാനുസരണം നേത്രതര്‍പ്പണം, നേത്രപ്രക്ഷാളനം തുടങ്ങിയ ചികിത്സാ രീതികള്‍ വിദഗ്ധനായ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യുക.
സ്വയം കണ്ണില്‍ ഔഷധതൈലം, കഷായം, തേന്‍ തുടങ്ങിയവ ഒഴിക്കുന്നത് സുരക്ഷിതമല്ല. കണ്ണില്‍ ഉപയോഗിക്കുന്ന ഏത് ഔഷധവും യോഗ്യനായ നേത്രവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.
ശീലിക്കാം:
ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, ഇടവേളകള്‍ എടുക്കുക, 20-20-20 നിയമം പാലിക്കുക, ശരിയായ അകലം പാലിക്കുക, ഇടയ്ക്കിടെ കണ്ണടയ്ക്കാന്‍ ശ്രദ്ധിക്കുക, ഉറക്കത്തിന് മുമ്പുള്ള തിരശ്ശീല സമയം കുറയ്ക്കുക, പുറം പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക, സമീകൃതാഹാരവും മതിയായ ഉറക്കവും ഉറപ്പാക്കുക, കണ്ണില്‍ സ്ഥിരമായ അസ്വസ്ഥതയോ കാഴ്ചമങ്ങലോ ഉണ്ടെങ്കില്‍ നേത്രപരിശോധന നടത്തുക.
”തിരശ്ശീല ഒഴിവാക്കുക” എന്നതിലുപരി ”തിരശ്ശീല ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക” എന്നതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം.
ലോക കാഴ്ചദിനം – ഒക്ടോബര്‍ 8 #LoveYourEyes
കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും, ഒഴിവാക്കാനാകുന്ന കാഴ്ച വൈകല്യവും അന്ധതയും തടയുന്നതിനും, നേത്രാരോഗ്യത്തിന് ആവശ്യമായ പരിചരണം എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുമുള്ള ആഗോള ബോധവല്‍ക്കരണ ദിനമാണ് ലോക കാഴ്ചദിനം.
1929-ല്‍ രൂപം കൊണ്ട സംഘടനയാണ് പിന്നീട് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ് (IAPB) ആയി മാറിയത്. 1975-ല്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് IAPB പുനഃസംഘടിപ്പിക്കപ്പെട്ടു.
1999-ല്‍ ലോകാരോഗ്യ സംഘടനയും IAPB-യും ചേര്‍ന്ന് VISION 2020: The Right to Sight എന്ന ആഗോള സംരംഭത്തിന് തുടക്കം കുറിച്ചു. ഒഴിവാക്കാനാകുന്ന അന്ധത ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഇതിന്റെ ഭാഗമായി 2000-ല്‍ ലോക കാഴ്ചദിനം ആരംഭിച്ചു. എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്.
2021 മുതല്‍ IAPB #LoveYourEyes എന്ന പ്രചാരണത്തിലൂടെ വ്യക്തികളെയും സമൂഹങ്ങളെയും തങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കാന് ആഹ്വാനം ചെയ്തു.
ഒരു ദിവസത്തിനപ്പുറം ഒരു ദൗത്യം
ലോക കാഴ്ചദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു പ്രധാന സത്യമാണ്: കാഴ്ച സംരക്ഷിക്കേണ്ടത് ഒരു ദിവസം മാത്രമല്ല, ജീവിതത്തിലുടനീളമാണ്.
”കണ്ണുകളെ സ്നേഹിക്കാം, കാഴ്ചയെ സംരക്ഷിക്കാം – എല്ലാവര്ക്കും ആരോഗ്യകരമായ കാഴ്ച ഉറപ്പാക്കാം.’
