മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 2030 ല്‍ പെരുങ്കളിയാട്ടം

കാഞ്ഞങ്ങാട്: യാദവ സമുദായത്തിലെ നാല് കഴകങ്ങളില്‍ ഒന്നായ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പെരുങ്കളിയാട്ട മഹോത്സവം 2030ല്‍ നടത്താന്‍ തീരുമാനം.
ക്ഷേത്രത്തില്‍ കഴിഞ്ഞ 13 ദിവസമായി നടന്ന സ്വര്‍ണ്ണപ്രശ്‌ന ചിന്തയിലാണ് തീരുമാനമായത്. 2030 ജനുവരി 15നും ഫെബ്രുവരി 15നും ഇടയില്‍ ഒരാഴ്ചക്കാലം പെരുങ്കളിയാട്ടം നടത്താനാണ് ദൈവഹിതം. പ്രമുഖ ജ്യോതിഷ പണ്ഡിതരായ പയ്യന്നൂര്‍ സദനം നാരായണ പൊതുവാള്‍, പിലിക്കോട് രാമചന്ദ്രന്‍ പണിക്കര്‍, ജന്മകണിശന്‍ ഇരിയ സുരേഷ് ജ്യോത്സ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രശ്‌നചിന്ത.
ക്ഷേത്ര സ്ഥാനികരും തറവാട്ട് അംഗങ്ങളും നാട്ടുകാരും ഇതര ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
യാദവ സഭയുടെ മറ്റ് ഘടകങ്ങളായ കണ്ണമംഗലം കഴകം, കാപ്പാട്ട് കഴകം, കല്യോട്ട് കടകത്ത് എന്നിവിടങ്ങളില്‍ നേരത്തെ പെരുങ്കളിയാട്ടം നടന്നിരുന്നെങ്കിലും മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ആദ്യമായാണ് പെരുങ്കളിയാട്ടത്തിന് അവസരം വരുന്നത്.
പെരുങ്കളിയാട്ടത്തിന് മുന്നോടിയായി വയമ്പില്‍ കൂലോം, വളപ്പില്‍ കൊച്ചി തുടങ്ങിയ അനുബന്ധ ദേവസ്ഥാനങ്ങളിലും മുളവന്നൂര്‍ കളരിയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
39 തെയ്യങ്ങളാണ് പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടുക. മുളവന്നൂര്‍ ഭഗവതി, കാളരാത്രിയമ്മ, കല്യോട്ട് ഭഗവതി, ക്ഷേത്രപാലകന്‍, വേട്ടക്കൊരുമകന്‍, രക്തജാതന്‍, കാരണോര്‍ തെയ്യം, പെട്ടൂര്‍ ഭഗവതി, പടിഞ്ഞാറെ ചാമുണ്ഡി, രക്തേശ്വരി, അടുക്കത്ത് ചാമുണ്ഡി, വീരന്മാര്‍, വിഷ്ണുമൂര്‍ത്തി, പറക്കളായി ഭഗവതി, കൂടെയുള്ളവര്‍, പാലക്കി ഭഗവതി, ശ്രീഭൂതം, കാലിച്ചാന്‍ ദൈവം, നടയില്‍ ഭഗവതി, നാഗരാജന്‍, നാഗകന്യക, മുന്നായിശ്വരന്‍, കളരിയില്‍ ഭഗവതി, പോത്താളന്‍, ഗുളികന്‍, വീരന്‍, മടയില്‍ ചാമുണ്ഡി, മണവാളന്‍, മണവാട്ടി, മാഞ്ഞളമ്മ, ബാത്തൂര്‍ ഭഗവതി, രക്തചാമുണ്ഡി, അഞ്ചണങ്ങ ഭൂതം, ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, കുറത്തി, ഉച്ചിട്ട തുടങ്ങിയവ അരങ്ങിലെത്തും. അവസാന ദിവസം മുളവന്നൂര്‍ ഭഗവതി, കാളരാത്രിയമ്മ, ക്ഷേത്രപാലകന്‍ തെയ്യങ്ങള്‍ ഒന്നിച്ച് തിരുമുടി ഉയരും.
മടിയന്‍ കൂലോം ക്ഷേത്രത്തില്‍ നിന്നാണ് ഉത്സവത്തിനായി ദീപവും തിരിയും കൊണ്ടുവരിക. കന്നി കലവറക്കുള്ള സാധനങ്ങള്‍ ക്ലായി വേങ്ങയില്‍ തറവാട്ടില്‍ നിന്നും കൊണ്ടുവരും.
പെരുങ്കളിയാട്ടത്തിനായി 2029ല്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുമെന്ന് ക്ഷേത്രം തന്ത്രിമാരായ ആലമ്പാടി പത്മനാഭട്ടേരി, ഇരവില്‍ ഐ.കെ. കൃഷ്ണദാസ് വാഴുന്നവര്‍, അഖിലേന്ത്യ യാദവമഹാസഭ ജനറല്‍ സെക്രട്ടറി രമേശ് യാദവ്, ക്ഷേത്രം പ്രസിഡന്റ് എം.വി. വിശ്വനാഥന്‍ മലയാക്കോള്‍, സെക്രട്ടറി മനേഷ്‌കുമാര്‍ ചേമന്തോട്, ട്രഷറര്‍ തമ്പാന്‍ പെരിയേടത്ത്, കല്യോട്ട് ഭഗവതി ക്ഷേത്ര കഴകം പ്രതിനിധി കൃഷ്ണന്‍ താന്നിക്കാല്‍, വേങ്ങയില്‍ തറവാട് പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി, ക്ഷേത്ര കോയ്മ ബാലൂര്‍ സുകുമാരന്‍ നായര്‍, സാരഥി യുഎഇ ട്രഷറര്‍ നാരായണന്‍ പൂതങ്ങാനം, യാദവസഭ സംസ്ഥാന പ്രസിഡന്റ് ശിവരാമന്‍ മേസ്ത്രി, സെക്രട്ടറി ബാബു കുന്നത്ത്, ജില്ലാ പ്രസിഡന്റ് ബാബു മാണിയൂര്‍ എന്നിവര്‍ അറിയിച്ചു.

 

error: Content is protected !!