ബസ്റ്റാന്‍ഡ് ടോയ്ലറ്റില്‍ യാത്രക്കാരന്‍ കുടുങ്ങി; 112-ല്‍ വിളിച്ച് സഹായം തേടി

നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ പൊതുടോയ്ലറ്റില്‍ യാത്രക്കാരന്‍ അകത്ത് കുടുങ്ങിപ്പോയ സംഭവം ആശങ്കയ്ക്കിടയാക്കി. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ടോയ്ലറ്റിനുള്ളില്‍ ആളുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ ചുമതലക്കാരന്‍ പുറത്തു നിന്ന് വാതില്‍ പൂട്ടി പോയതോടെയാണ് യാത്രക്കാരന്‍ അകത്ത് കുടുങ്ങിയത്.
കൊന്നക്കാട് സ്വദേശിയായ യാത്രക്കാരനാണ് ദുരനുഭവത്തിന് ഇരയായത്. ആവശ്യത്തിനായി ടോയ്ലറ്റില്‍ പ്രവേശിച്ച ഇയാള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് മനസിലാക്കുകയായിരുന്നു. ഏറെ നേരം അകത്ത് കഴിയേണ്ടിവന്ന ഇയാള്‍ ഒടുവില്‍ അടിയന്തര സേവന നമ്പറായ 112-ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ഇതിനിടെ ടോയ്ലറ്റിലേക്ക് യാത്രക്കാരന്‍ കയറുന്നത് കണ്ടിരുന്ന ചിലര്‍ നടത്തിപ്പുകാരനെയും വിവരം അറിയിച്ചതായി പറയുന്നു. പോലീസ് എത്തുമ്പോഴേക്കും ടോയ്ലറ്റ് നടത്തിപ്പുകാരനും സ്ഥലത്തെത്തിയതായാണ് വിവരം. തുടര്‍ന്ന് വാതില്‍ തുറന്ന് യാത്രക്കാരനെ പുറത്തേക്ക് കൊണ്ടുവന്നു.
സംഭവം ടോയ്ലറ്റ് നടത്തിപ്പിലെ അലംഭാവം തുറന്നു കാട്ടുന്നതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് ഉറപ്പുവരുത്താതെ സ്ഥാപനം പൂട്ടിയതാണ് യാത്രക്കാരന്‍ ദുരിതത്തിലാകാന്‍ കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തല്‍.
ഇത് പ്രായമായ ആളോ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളോ ആയിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമായിരുന്നു. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ അടയ്ക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധന ഉറപ്പാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

error: Content is protected !!