കാസര്‍കോട് എയിംസ്: പെരിയയില്‍ 274.69 ഏക്കര്‍ ഭൂമി അനുയോജ്യമെന്ന് ജില്ലാ കളക്ടറുടെ പ്രൊപ്പോസല്‍

കാസര്‍കോട് ജില്ലയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംസ്ഥാന സര്‍ക്കാരിന് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ അപേക്ഷയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് 10 ദിവസത്തിനകമാണ് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കിയത്.
നിര്‍ദ്ദിഷ്ട ഭൂമിയുടെ റീസര്‍വേ ഡിജിറ്റല്‍ സ്‌കെച്ച്, ഡ്രോണ്‍ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രൊപ്പോസലിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.എയിംസ് മാതൃകയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കല്‍ കോളേജും ഉള്‍പ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് കാസര്‍കോട് ജില്ലയിലെ പെരിയ യെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
അനുയോജ്യമായ സ്ഥലത്ത് 200 ഏക്കര്‍ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്.
പെരിയയില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച
ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഈ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ് പെരിയ മുന്നോട്ട് വെക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
പെരിയയിലെ സംസ്ഥാന സര്‍ക്കാറിനുള്ള കീഴിലുള്ള പി സി കെ (പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരളം ) ബ്ലോക്കുകള്‍ നേരില്‍ സന്ദര്‍ശിച്ച് പരിശോധിച്ചാണ് പ്രൊപ്പോസല്‍ തയ്യാറാക്കിയതെന്ന് കളക്ടര്‍ പറഞ്ഞു.

കേന്ദ്ര മാനദണ്ഡങ്ങളും പെരിയയുടെ സവിശേഷതകളും

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട പ്രദേശം:

മാനദണ്ഡങ്ങള്‍ (കേന്ദ്ര നിബന്ധന)
പെരിയയിലെ അനുകൂല സാഹചര്യം
ഭൂമി ലഭ്യത (കുറഞ്ഞത് 200 ഏക്കര്‍)
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 274.69 ഏക്കര്‍ സര്‍ക്കാര്‍ (PCK) ഭൂമി.

റോഡ് കണക്റ്റിവിറ്റി
ദേശീയപാത 66-ന് തൊട്ടടുത്ത്; മികച്ച പ്രാദേശിക-അന്തര്‍സംസ്ഥാന യാത്രാസൗകര്യം.

റെയില്‍, വ്യോമ കണക്റ്റിവിറ്റി
കാഞ്ഞങ്ങാട്, കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകള്‍; മംഗളൂരു, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍.
ജല ലഭ്യത
മൂന്നാംകടവ് പ്രധാന ജലസ്രോതസ്സായി കണ്ടെത്തി.

വൈദ്യുതി ലഭ്യത

മയിലാട്ടി പവര്‍ സ്റ്റേഷന്‍, മാവുങ്കാല്‍ സബ്‌സ്റ്റേഷന്‍ എന്നിവ വഴി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്താനാകും

പ്രധാന നേട്ടങ്ങളും പ്രാധാന്യവും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള കരുതല്‍: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍, ദീര്‍ഘകാല ഫോളോ-അപ്പ് എന്നിവയ്ക്കുള്ള പരമോന്നത കേന്ദ്രമായി എയിംസ് മാറും.

അക്കാദമിക് – ഗവേഷണ നേട്ടം : തൊട്ടടുത്തുള്ള കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ കാമ്പസ്, ഐ.സി.എ.ആര്‍ – സി.പി.സി.ആര്‍.ഐ, എച്ച്.എ.എല്‍ എന്നിവയുമായി ചേര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസം, പബ്ലിക് ഹെല്‍ത്ത്, ലൈഫ് സയന്‍സസ് മേഖലകളില്‍ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം. സര്‍വ്വകലാശാലയിലെ ഹെലിപാഡ് അടിയന്തര എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ക്കും പ്രയോജനപ്പെടും.

ഭൂമി കൈമാറ്റ മാതൃക: മുന്‍പ് കേന്ദ്ര സര്‍വ്വകലാശാലയ്ക്കായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമി വിട്ടുനല്‍കിയ മാതൃകയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി റവന്യൂ വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാന്‍ സാധിക്കും.

തൊഴിലാളി ക്ഷേമവും പ്രാദേശിക വികസനവും:

നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികള്‍ക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനന്‍സ് തുടങ്ങിയ അനുബന്ധ മേഖലകളില്‍ പുനരധിവാസം ഉറപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൂടാതെ പ്രാദേശികമായി വന്‍തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

അന്തര്‍സംസ്ഥാന പ്രാധാന്യം: വടക്കന്‍ കേരളത്തിലെയും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെയും (ദക്ഷിണ കന്നഡ, കുടക്) ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു സുപ്രധാന തൃതീയതല ആരോഗ്യ കവാടമായി (Tertiary Healthcare Gateway) പെരിയ മാറും.

ജില്ലാ കളക്ടര്‍ക്കൊപ്പം
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ. രമേശന്‍, പെരിയ വില്ലേജ് ഓഫീസര്‍ മധു, താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍ ഫിലിപ്പ്, സര്‍വ്വേ ഉദ്യോഗസ്ഥര്‍
പി സി കെ യൂണിറ്റ് മാനേജര്‍ സജീവ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയത്.

 

error: Content is protected !!