ഒന്നാം തരത്തില്‍ ഒന്നാന്തരം ലൈബ്രറി ഒരുക്കി ഓലാട്ട് എ. യു. പി. സ്‌കൂള്‍

കൊടക്കാട് : ഒന്നാംതരക്കാര്‍ക്ക് വായനയുടെ ലോകം തുറന്ന് ഓലാട്ട് കെ. കെ.എന്‍ .എം . എ .യു. പി. സ്‌കൂളില്‍ ക്ലാസ് റൂം ലൈബ്രറി തുടങ്ങി. കൊടക്കാട്: വിദ്യാര്‍ഥികളില്‍ ചെറുപ്രായം മുതല്‍ വായനാശീലവും ഭാവനാശേഷിയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓലാട്ട് കെ.കെ. എന്‍ .എം . എ .യു. പി. സ്‌കൂളില്‍ ഒന്നാംതരം വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു. ക്ലാസധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കായി തുറന്നു കൊടുത്തു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപുസ്തകങ്ങള്‍, ചിത്രകഥകള്‍, കവിതകള്‍, ബാല ശാസ്ത്ര മാസികകള്‍ എന്നിവ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് മുറിയുടെ ഒരു ഭാഗം വര്‍ണാഭമായ വായന കോര്‍ണറായി ക്രമീകരിച്ചിട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാനും വായിക്കാനും അവസരമുണ്ട്. പാഠപുസ്തകങ്ങള്‍ക്കപ്പുറം കുട്ടികളുടെ ഭാവനയും സര്‍ഗാത്മകതയും വളര്‍ത്തുക, ഭാഷാപരിജ്ഞാനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തുക, വായനയെ സന്തോഷകരമായ അനുഭവമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഓരോ ദിവസവും നിശ്ചിത സമയത്ത് കുട്ടികള്‍ക്ക് വായനയ്ക്കും കഥപറച്ചിലിനും അവസരം ഒരുക്കും. ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപിക ബിന്ദു പി . വി. ക്ലാസധ്യാപകരായ റിജിഷ കെ.പി,സരുണ. കെ.വി.പങ്കെടുത്തു. ഒന്ന് എ, ബി ഡിവിഷനുകളിലെ മുഴുവന്‍ കുട്ടികളും ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക ബിന്ദു പി വി അധ്യക്ഷത വഹിച്ചു. ശ്രീതു കെ, ശ്രുതി എം , ജയശ്രീ കെ.ടി.,ശ്രീവിദ്യ ബി, രജിഷ എ വി , ലിജിന പി.വി. സംസാരിച്ചു.
വായനയിലൂടെ അറിവും ഭാവനയും ഒരുപോലെ വളര്‍ത്തുന്ന ഈ സംരംഭം മറ്റ് ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് സ്‌കൂള്‍ അധികൃതര്‍.

 

error: Content is protected !!