ബേക്കല്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
മേല്‍പ്പറമ്പ് പഴയ മില്‍മ ബൂത്തിനു സമീപത്തെ കാഷ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് തൊരപ്പന്‍ നാട്ടുകാരുടെ പിടിയിലായത്.
കടയുടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ എടുക്കാനായി വന്ന യുവാക്കള്‍ കടയുടെ അകത്തു നിന്നു ശബ്ദം കേട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആള്‍ക്കാരെത്തി കെട്ടിടം വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി മോഷ്ടാവ് ഒന്നാം നിലയില്‍ നിന്നു താഴേയ്ക്കു ചാടി. കാലൊടിഞ്ഞതിനാല്‍ രക്ഷപ്പെടാനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. സ്ഥാപന ഉടമ കെ അനൂപിന്റെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ തൊരപ്പന്‍ സന്തോഷ് കുടിയാന്മല പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുലിക്കുരമ്പ സ്വദേശിയാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ കവര്‍ന്നു.
