കാസര്‍കോട്: കേരളം ഭരിക്കുന്നത് അവശ്യസാധനങ്ങളുടെ വില കുറയരുതെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാരാണെന്നും 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമോ പൂര്‍ണ്ണമായോ ഒഴിവാക്കിയിട്ടും പാലുല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ മില്‍മയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാത്തത് ഇതിന് തെളിവാണെന്നും എംടി രമേശ് പറഞ്ഞു.ജനസംഘത്തിന്റെആദ്യത്തെ ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജയന്തി ആചരണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രം ഒരു നികുതി, ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്, അന്ത്യോദയ എന്നിങ്ങനെ അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ട് വെച്ച ആശയങ്ങളാണ് നരേന്ദ്ര മോദി നടപ്പാക്കുന്നതെന്നും കഴിഞ്ഞ ഒരു ദശകത്തില്‍ രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതി ഈ ആശയങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചര്‍, സതീശ് ചന്ദ്ര ഭണ്ഡാരി, വി. രവീന്ദ്രന്‍, മേഖല ജനറല്‍ സെക്രട്ടറി സുധാമാ ഗോസാഡ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയുംനടന്നു.
