കാഞ്ഞങ്ങാട് ബാറില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മുന്‍വിരോധത്തിന്റെ പേരില്‍ ബാറില്‍യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടും പരിസരത്തുമുള്ള വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസക്കാരായ റംഷീദ് എന്ന കിച്ചു, മുഹമ്മദ് ഷെഫീഖ്, മിര്‍ഷാന്‍, ആഷിഖ് എന്ന മൊഞ്ചത്തി ആഷിഖ് എന്നിവരെയാണ് പോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. മടക്കര ഹാര്‍ബറിന് സമീപത്തെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് സംഘം വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്.

ഏപ്രില്‍ 26ന് വൈകിട്ട് മൂന്നു മണിയോടെ കാഞ്ഞങ്ങാട് ടൗണിലെ ബാറിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കര, പൂച്ചക്കാട്ടെ പി. താജുദ്ദീന്‍ (27), അതിഥി തൊഴിലാളിയായ സോളമന്‍ ഖാന്‍ (20) എന്നിവരെ ഏഴു പേരടങ്ങുന്ന സംഘം മരവടിയും പഞ്ചുമായി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. താജുദ്ദീനെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ സോളമന്‍ഖാനെ പഞ്ച് ഉപയോഗിച്ച് തലക്ക് കുത്തുകയും നിലത്തു വീണപ്പോള്‍ നെഞ്ചില്‍ ചവിട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് .
അറസ്റ്റിലായവരുട പേരില്‍ നേരത്തെയും കേസെടുത്തിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ ഷൈജു, കെ ടി അനില്‍, സനീഷ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!