ജില്ലാ മെഡിക്കല്‍ ഓഫീസ് ലോക കേള്‍വി ദിനം ആചരിച്ചു; ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനം ആചരിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ ടി.പി അധ്യക്ഷനായി. ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍ക്കും ആര്‍ ബി എസ് കെ നേഴ്‌സുമാര്‍ക്കും പരിശീലന പരിപാടിക്ക് എന്‍ പി പി സി ഡി നോഡല്‍ ഓഫിസര്‍ ഡോ. നിത്യാനന്ദ ബാബു നേതൃത്വം നല്‍കി. ‘മനോഭാവം മാറ്റാം.. എല്ലാവര്‍ക്കും കേള്‍വിയുടെയും ചെവിയുടെയും പരിരക്ഷ ഉറപ്പുവരുത്താം.. എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ‘

ദേശിയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ വിവിധ തരത്തിലുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്. കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ കണ്ടെത്തുകയും അവരെ പുനരധിവസിപ്പിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കൂടാതെ കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന കേള്‍വിക്കുറവിനെയും ചെവിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു.ജില്ലയില്‍ ഇതിനായി ജനറല്‍ ആശുപത്രി കാസര്‍കോട്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഈ എന്‍ ടി സ്‌പെഷ്യലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഓഡിയോ മെട്രിക് അസിസ്റ്റന്റ്, എന്നിവരുടെ സേവനവും ലഭ്യമാണ്.

കാഞ്ഞങ്ങാട് വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സച്ചിന്‍ സെല്‍വ്, ഡി പി എച്ച് എന്‍ ഗീത എം, എന്നിവര്‍ സംസാരിച്ചു.ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

സംസ്ഥാനതലത്തില്‍ ലോക കേള്‍വി ദിനാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 3 മുതല്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. പ്രൈമറി തലം വരെയുള്ള കുട്ടികളില്‍ ഉണ്ടാകുന്ന കേള്‍വി കുറവിനെയും ചെവിക്കുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്യാമ്പയിനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയില്‍ അരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ഐ സി ഡി എസ് എന്നീ വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍അറിയിച്ചു.

 

 

 

error: Content is protected !!