State

നീലേശ്വരത്ത് അഞ്ച് വര്‍ഷത്തെ സമഗ്ര നഗരവികസന മാസ്റ്റര്‍ പ്ലാന്‍ വേണം: മുനിസിപ്പല്‍ ചെയര്‍മാന് തുറന്ന കത്ത്

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ തുടര്‍ച്ചയായ വികസന മുരടിപ്പിന് അറുതി വരുത്താനും ഭാവി തലമുറയ്ക്കായി നഗരത്തെ സജ്ജമാക്കാനും 5 വര്‍ഷത്തെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ റാഷിദ് പൂമാടം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിക്ക് തുറന്ന കത്തയച്ചു. അയല്‍ നഗരസഭകളായ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവ വന്‍കിട വികസന പദ്ധതികളിലൂടെ കുതിക്കുമ്പോള്‍ നീലേശ്വരം മാത്രം പിന്നാക്കം പോവുകയാണെന്നും വാര്‍ഷിക ബജറ്റ് പ്രഖ്യാപനങ്ങള്‍ വെറും കടലാസിലൊതുങ്ങുകയാണെന്നും കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നഗരത്തിനകത്തുള്ള ബേങ്ക് റോഡ് ഉടന്‍ വീതികൂട്ടി നിര്‍മ്മിക്കണമെന്നും, ദേശീയപാതയില്‍ നിന്ന് നിലവിലെ പുതിയ ബസ് സ്റ്റാന്‍ഡിലേക്കും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദേശീയപാതയിലേക്കും വീതിയേറിയ പുതിയ ലിങ്ക് റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രാജാ റോഡിലുള്ള നിലവിലെ പഴയ ആര്‍.ഒ.ബി (ROB) പൊളിച്ച് മാറ്റി, നീലേശ്വരത്തിന്റെ ഭാവി വികസനം മുന്നില്‍ കണ്ട് അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം.
നഗര കേന്ദ്രത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ കോട്ടപ്പുറം, തൈക്കടപ്പുറം, ചെറപ്പുറം, പാലായി, പള്ളിക്കര, കാര്യംകോട് തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലേക്കും വികസന പദ്ധതികള്‍ വ്യാപിപ്പിക്കണം. നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കല്‍, ആധുനിക സിവില്‍ സ്റ്റേഷന്‍, റെവന്യൂ ടവര്‍, വഞ്ചിക്കടവ് വികസനം എന്നിവ അടിയന്തരമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ നഗരസഭ തയ്യാറാകണം. സര്‍ക്കാരിന്റെ തനത് ഫണ്ടുകള്‍ക്ക് പുറമേ കാസര്‍കോട് വികസന പാക്കേജ്, എം.എല്‍.എ/എം.പി ഫണ്ടുകള്‍, വിവിധ കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ (CSR) ഫണ്ടുകള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി പ്രതിവര്‍ഷം 300 കോടി രൂപയുടെ 5 വലിയ പദ്ധതികളെങ്കിലും നടപ്പിലാക്കണമെന്നും കത്ത് ഓര്‍മ്മിപ്പിക്കുന്നു.
നഗര വികസനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കൃത്യസമയത്ത് നടപ്പിലാക്കാന്‍ ഭരണസമിതി തയ്യാറായില്ലെങ്കില്‍, ചരിത്രത്തില്‍ കഴിവുകെട്ട ഭരണകര്‍ത്താക്കളുടെ പേരുകള്‍ എഴുതപ്പെടുന്ന പുസ്തകത്തില്‍ നിലവിലെ ഭരണസമിതിയുടെ പേരും ഒപ്പം എഴുതപ്പെടുമെന്ന് റാഷിദ് പൂമാടം കത്തിലൂടെ ശക്തമായ മുന്നറിയിപ്പ് നല്‍കി.

 

error: Content is protected !!