അസ്മിത സൗത്ത് സോണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗോള്‍ വല കാക്കാന്‍ ശ്രേയ ഗൗരി

കാഞ്ഞങ്ങാട്: ഈ മാസം 27 മുതല്‍ അടുത്ത മാസം 7 വരെ ആന്ധ്രാപ്രദേശില്‍ നടക്കുന്ന അസ്മിത കപ്പ് ജൂനിയര്‍ ഗേള്‍സ് സൗത്ത് സോണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്റെ ഗോള്‍ കീപ്പറായി ശ്രേയ ഗൗരി തിരഞ്ഞെടുക്കപ്പെട്ടു.

രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ നിന്ന് ഹോക്കി പരിശീലനം ആരംഭിച്ച ശ്രേയ നിരവധി മത്സരങ്ങളില്‍ ഗോള്‍ കീപ്പറായി തിളങ്ങിയിട്ടുണ്ട്. നിലവില്‍ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്.
ഈ മാസം 14ന് നടന്ന ആദ്യ ട്രയല്‍സില്‍ ലിസ്റ്റില്‍ ഇടം നേടിയവര്‍ക്കായി ഇന്നലെ കൊല്ലത്ത് നടന്ന ഫൈനല്‍ സെലക്ഷനിലാണ് ശ്രേയ സ്ഥാനം ഉറപ്പിച്ചത്.
ഏഴിമല നേവല്‍ അക്കാദമിയിലെ പരിശീലകരായ അമല്‍ ആന്റോയുടെയും ആഷിക അമലിന്റെയും ശിക്ഷണത്തില്‍ ഹോക്കി പരിശീലനം തുടങ്ങിയ ശ്രേയ, പിന്നീട് റിട്ട. ആര്‍മി പരിശീലകന്‍ അനീഷ് കുമാറിന്റെ കീഴിലും പരിശീലനം നടത്തി. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കോളേജിന്റെയും പരിശീലകനായ അര്‍ജുനന്റെ ശിക്ഷണത്തിലാണ് പരിശീലനം തുടരുന്നത്.
പനത്തടിയിലെ പൊതുപ്രവര്‍ത്തകനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പി.എല്‍.വി.യും ഖേലോ ഇന്ത്യ ദേശീയ ഹോക്കി താരവുമായ ശ്രീകാന്ത് പനത്തടിയുടെയും മുന്‍ പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ഓവര്‍സിയറായിരുന്ന ശാന്തിയുടെയും മകളാണ്.
സഹോദരങ്ങളായ ശ്രീനിധ്, ശ്രീതിക് എന്നിവര്‍ ഏകലവ്യ സി.ബി.എസ്.ഇ. സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

 

error: Content is protected !!