നീലേശ്വരം: നീലേശ്വരത്തിന്റെ സമീപ പ്രദേശങ്ങളായ മടിക്കൈ ഉമിച്ചി, ബാനം, അരിയിട്ട പാറ എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ മഹാശിലാ കാലഘട്ടത്തിലോ അതിന് മുമ്പ് നവീന ശിലായുഗത്തിലോ വിനോദങ്ങളിലേര്പ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ താമസിച്ചിരുന്ന മനുഷ്യര്‍ വിശ്രമവേളകളില്‍ കളിക്കുന്നതിനായി പാറയില്‍ കൊത്തിയെടുത്ത കാടിപ്പലക എന്നു വിളിക്കുന്ന ചരിത്ര ശേഷിപ്പുകളാണ് കണ്ടെത്തിയത്. ബാനത്ത് നാലും മടിക്കൈ ഉമിച്ചിയില്‍ ഒന്നും ചീമേനി അരിയിട്ട പാറയില്‍ ഒന്നും കാടിപ്പലകകളാണ് പാറയില്‍ കൊത്തിവെച്ചിട്ടുള്ളത്. എല്ലാത്തിന്റെയും സമീപത്ത് പ്രകൃതിദത്തമായ ജലസംഭരണികളായ പള്ളങ്ങളും ഉണ്ട്.
പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന് കാളിയാനം പാറകളില്‍ കാണുന്ന അസാധാരണമായ കുഴികളെക്കുറിച്ച് അറിയിച്ചതനുസരിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്താണ് പാറയില്‍ കൊത്തിയ കാടിപ്പലക മനുഷ്യനിര്‍മ്മിതമാണെന്നും അമൂല്യമായ ചരിത്ര ശേഷിപ്പുകളാണെന്നും സ്ഥിരികരിച്ചത്. വിജിലന്‍സ് ജില്ലാ മേധാവി വി.കെ.വിശ്വംഭരനും സ്ഥലം സന്ദര്‍ശിച്ചു. കാടിപ്പലകകള്ക്ക് രണ്ടായിരം മുതല്‍ എട്ടായിരം വര്‍ഷം വരെ പഴക്കമുണ്ടായിരിക്കാമെന്നാണ് അവയുടെ നിര്‍മ്മാണ രീതി സൂചിപ്പിക്കുന്നത്. ഉറപ്പേറിയ വെണ്മഴു (celt) പോലുള്ള നവീന ശിലായുഗത്തിലെ പണിയായുധങ്ങള്‍ കൊണ്ടോ മഹാശിലകാലഘട്ടത്തിലെ ഇരുമ്പായുധങ്ങള്‍ കൊണ്ടോ നിര്‍മ്മിച്ചതായിരിക്കാം കാടിപ്പലക രൂപത്തിലുള്ള ചരിത്ര ശേഷിപ്പുകള്‍. തെക്കെ ഇന്ത്യയിലെ തന്നെ എറ്റവും വലിയ നവീന ശിലായുഗത്തിലെ വെണ്മഴു ലഭിച്ചത് 2015 നവംബര്‍ മാസത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ തിമിരിയിലെ ആര്.രാധാകൃഷ്ണന്റെ പക്കല്‍ നിന്നാണ്. ഇത് സൂചിപ്പിക്കുന്നത് സമീപപ്രദേശങ്ങളായ ചീമേനിയിലും നീലേശ്വരത്തിന്റെ മലയോര മേഘലകളിലും നവീന ശിലായുഗത്തില്‍ ജനാധിവാസം ഉണ്ടായിരുന്നെന്നും അവരുടെ വിശ്രമവേളകളില്‍ കാടിക്കളി പോലുള്ള കളികള്‍ കളിച്ചിരിക്കാമെന്നുമാണ്. പൂനെയില്‍ മംഗല ബോര്‍ഡ് എന്ന് വിളിക്കുന്ന കാടിപ്പലക കണ്ടെത്തിയത് ബസാള്‍ട്ട് ശിലകള്‍ എന്നറിയപ്പെടുന്ന ഇരുണ്ട നിറമുള്ള അഗ്നിപര്വ്വതശിലകളിലാണ്. കല്ചുറ്റിക കൊണ്ട് ബസാള്‍ട്ട് പറയില്‍ അടിച്ച് വൃത്താകൃതിയില്‍ കപ്യൂള്‍സ് (cupules) എന്ന് വിളിക്കുന്ന കുഴികള്‍ രണ്ട് വരിയായി നിര്‍മ്മിച്ച മംഗല ബോര്‍ഡുകള്‍ എന്നാണ് പൂന ഡക്കാന്‍ കോളേജിലെയും സമീപത്തെ ക്ഷേത്ര മുറ്റത്തെയും ചരിത്ര ശേഷിപ്പുകളെക്കുറിച്ച് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഔറംഗബാദ് ഗുഹ സമുച്ഛയത്തിലും മംഗലബോര്ഡ് കണ്ടെത്തിയിട്ടുണ്ട്.
(The boards consist of cupules (roughly circular, man-made hollows carved with stone hammers) arranged in double or multiple rows directly onto exposed basalt bedrock)
ആഫ്രിക്കയിലെ പ്രാചീന മനുഷ്യര്‍ എട്ടായിരം വര്‍ഷം മുമ്പ് ഉപയോഗിച്ചതെന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ മംഗല ബോര്‍ഡുകളുമായി സാമ്യമുള്ളതാണ് കാസര്‍ഗോഡ് ജില്ലയിലെ കാടിപ്പലകകള്. നാല്‍പ്പത് വര്‍ഷം മുമ്പ് വരെ ഇവിടുത്തെ ജനങ്ങള്‍ മഞ്ചാടിക്കുരുകൊണ്ടുള്ള കളിക്ക് ഉപയോഗിക്കുന്ന കാടിപ്പലക അഥവാ മഞ്ചാടിപ്പലകയുടെ രൂപത്തിലാണ് പാറയില്‍ സമാന്തരമായി രണ്ട് വരിയായി കൊത്തിവച്ച പതിനാല് കുഴികളോടുകൂടിയ ചരിത്ര നിര്‍മ്മിതി ഉള്ളത്. രണ്ടായിരം വര്‍ഷക്കള്‍ക്ക് മുമ്പെ പാറകളില്‍ കൊത്തിവെച്ച കാടിപ്പലകയിലും ഇപ്പോള്‍ പല പഴയകാല വീടുകളിലും കാണപ്പെടുന്ന മഞ്ചാടിപ്പലകയിലും പതിനാല് കുഴികളാണെന്നുള്ളതും ആഫ്രിക്കയില്‍ കുഴികളുടെ രൂപത്തെ മംഗലമെന്ന് (Mancala) വിളിക്കുന്നത് പോലെ ചെറിയ മണ്‍പാത്രങ്ങളെ മംഗലമെന്ന് കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ വിളിക്കുന്നതും വിസ്മയകരമായ വസ്തുതകളാണ്. മഞ്ചാടിക്കുരുവിന് പകരം കല്ലുകളോ മുത്തുക്കളോ കരുക്കളായി ഉപയോഗിച്ചും ഒരു കാലഘട്ടത്തില്‍ കാടിക്കളി കളിച്ചിരുന്നു. ആഫ്രിക്കയിലും പൂന ഡക്കാന്‍ കോളേജ് കാമ്പസിലും കണ്ടെത്തിയ മംഗല ബോര്‍ഡുകളെക്കാള്‍ കാസര്‍ഗോഡ് ജില്ലയിലെ കാടിപ്പലകകള്ക്ക് അവയുടെ കാലനിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ചീമേനി അരിയിട്ട പാറയില്‍ മഹാശിലാ കാലഘട്ടത്തിലോ അതിന് മുമ്പോ ഉള്ള നിര്‍മ്മിതിയെന്ന് സാക്ഷ്യപ്പെടുത്തിയ മനുഷ്യ രൂപത്തിന്റെ കാലിന്റെ അരികിലായാണ് കാടിപ്പലക കൊത്തി വച്ചിട്ടുള്ളത്. പ്രശസ്ത പുരാവസ്തു ഗവേഷകന് പ്രൊഫ.അജിത്കുമാര്‍ ബാനത്തെയും ഉമിച്ചിയിലേയും കാടിപ്പലകയുടെ രൂപത്തിലുള്ള കുഴികള്‍ അരിയിട്ടപാറയിലെ മനുഷ്യ രൂപത്തിന്റെ സമീപത്ത് കൊത്തിവെച്ച കാര്യം സൂചിപ്പിച്ചു. ബാനത്ത് കണ്ടെത്തിയത് പല്ലാങ്കുഴി (Pallankuzhi) ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പല്ലാങ്കുഴി എന്ന പേരിലാണ് തെക്കന്‍ കേരളത്തില്‍ മഞ്ചാടിപ്പലക അറിയപ്പെടുന്നത്.
വിശ്രമവേളകള്‍ ചെലവഴിക്കുന്നതോടൊപ്പം കണക്കു കൂട്ടുന്നതിനുള്ള കഴിവും ബുദ്ധിശക്തിയും വേണ്ടതാണ് കാടിക്കളി. ഇവിടെ താമസിച്ചിരുന്ന ജനങ്ങള്‍ക്ക് സംഖ്യാബോധവും ബൗദ്ധിക വികാസത്തിനുള്ള മാര്‍ഗങ്ങളും അറിയാമായിരുന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തലുകള്‍.
ഇന്ത്യയുടെ തന്നെ ഒരു കാലഘട്ടത്തിലെ ജനതതിയുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ നേര്‍സാക്ഷിയായ പാറയില്‍ കൊത്തിവെച്ച കാടിപ്പലകകള് സംരക്ഷിക്കാന്‍ സംസ്ഥന പുരാവസ്തു വകുപ്പോ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോ ഇടപെടേണ്ടതാണ്. കേരളത്തില്‍ ബസാള്‍ട്ട് ശിലകള്‍ക്ക് സമാനമായ രീതിയില്‍ ചെങ്കല്‍ പാളികള്‍ക്ക് മുകളില്‍ കാണപ്പെടുന്ന കരിമ്പാറ (Laterite duricrust) കളിലാണ് ശിലാ ചിത്രങ്ങളും മംഗല ബോര്‍ഡുകളും കാണപ്പെടുന്നത്. നല്ല മഴക്കാലവും അതിന് ശേഷം വേനല്‍ക്കാലവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ലാറ്ററൈറ്റ് /ചെങ്കല്ല് രൂപപ്പെടുന്നത്. വേനല്‍ കാലത്ത് പാറകളിലെ ജലം ഉപരിതലത്തിലെത്തി നീരാവിയായി പോകുമ്പോള്‍ ജലത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ലവണങ്ങള്‍, മുഖ്യമായും ഇരുമ്പ് മുകള്‍ഭാഗത്ത് ലക്ഷക്കണക്കിന് വര്‍ഷമായി അടിഞ്ഞുകൂടുന്നതിന്റെ ഫലമായി ചെങ്കല്ലിന്റെ മേല്‍ ഭാഗം കട്ടിയാകുകയും അതാണ് കരിമ്പാറകളെന്നും കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജിലെ ജിയോളജി വിഭാഗം അധ്യാപകന് ഡോ. എ. ഗോപിനാഥന് നായര്‍ അഭിപ്രായപ്പെട്ടു. 2024 ല്‍ പ്രശസ്ത പുരാവസ്തു ഗവേഷകയായ വെറോണിക്ക വാവേരു (Veronica Waweru) ആണ് ആഫ്രിക്കയിലെ കെനിയയില്‍ മംഗല ബോര്‍ഡുകള്‍ കണ്ടെത്തിയത്. ആഫ്രിക്കയിലെ മംഗല ബോര്‍ഡിന്റെ സമകാലികമായി നവീന ശിലായുഗത്തിലാണ് നീലേശ്വരത്തിന്റെ സമീപ പ്രദേശങ്ങളിലും കാടിപ്പലക കൊത്തിയുണ്ടാക്കിയതെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയില്‍ വിനോദങ്ങള്‍ ആരംഭിക്കപ്പെട്ടത് എട്ടായിരം വര്‍ഷം മുമ്പാണെന്ന് അനുമാനിക്കാം. ഉമിച്ചിയിലും അരിയിട്ട പാറയിലും പ്രാദേശികമായി കാടിക്കുഴി എന്നും ചില പുരാവസ്തു ഗവേഷകര്‍ കപ്യൂള്‍സ് ( cupules) എന്നും വിളിക്കുന്ന കപ്പ് മാതൃകയില്‍ മൃഗങ്ങളുടെ കുളമ്പു രൂപത്തില്‍ നിരവധി ചരിത്ര ശേഷിപ്പുകള്‍ ഉണ്ട്. ഉമിച്ചിയില്‍ നാല്‍പ്പതിലധികം കുഴികള്‍ ഉണ്ടായിരുന്നതില്‍ ഭൂരിഭാഗവും വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിനടിയിലായിക്കഴിഞ്ഞു. ബാനത്ത് ഇരുപതിലധികം കാടിക്കുഴികള് ഉണ്ട്. അരിയിട്ടപാറയില്‍ എണ്‍പതിലധികം കാടിക്കുഴികള് ഉണ്ടായതില്‍ ഭൂരിഭാഗവും സോളാര്‍ പ്ലാന്റിന് മാറ്റി വെച്ച സ്ഥലത്താണുള്ളത്. ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള കളികളില്‍ ഒന്നാണ് കാടിക്കളി/ മഞ്ചാടിക്കളി എന്നതിനുള്ള തെളിവാണ് പുതിയ കണ്ടെത്തലുകള്‍.
