നീലേശ്വരം: കാല്മുട്ടിലെ പരിക്കിനെ വകവെക്കാതെ മത്സരത്തിനിറങ്ങി റെക്കോര്ഡോടെ സ്വര്ണം നേടി കുട്ടമത്ത് ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്ഥി എ.വി ഋതുഭേദ്.ജില്ലാ സ്കൂള് കായികമേളയില് ജൂനിയര് ആണ്കുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് ചെറുവത്തൂര് കെസി ത്രോസ് അക്കാദമി അംഗമായ ഋതുഭേദ് ചരിത്രമെഴുതിയത്.
2025ല് താന് തന്നെ സ്ഥാപിച്ച 34.88 മീറ്ററിന്റെ റെക്കോര്ഡാണ് ഋതുഭേദ് മറികടന്നത്.
41.58 മീറ്റര് എറിഞ്ഞാണ് താരം സ്വര്ണവും മീറ്റ് റെക്കോര്ഡും സ്വന്തമാക്കിയത്.
നാലുമാസമായി കാല്മുട്ടിന് പരിക്കുള്ളതിനാല് കാര്യമായ പരിശീലനം പോലുമില്ലാതെയാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.
2025ലെ സംസ്ഥാന സ്കൂള് കായികമേളയില് ഡിസ്കസ് ത്രോയില് നാലാം സ്ഥാനവും ഷോട്ട്പുട്ടില് ആറാം സ്ഥാനവും നേടിയിരുന്നു. 2024ലെ സംസ്ഥാന മേളയില് സബ് ജൂനിയര് വിഭാഗം ഷോട്ട്പുട്ടില് 10.64 മീറ്റര് എറിഞ്ഞ് രണ്ടാം സ്ഥാനവും നേടിയിരുന്നു.
കാസര്കോട് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥനായ മയിച്ച സ്വദേശി എ.വി പ്രശാന്ത് കുമാറിന്റെയും കൈക്കോട്ടുകടവ് ജിഎച്ച്എസ്എസ് അധ്യാപിക എ.വി രമ്യയുടെയും മകനാണ്.
