റാണിപുരത്ത് സ്വകാര്യ വ്യക്തിയുടെ റിസോര്‍ട്ട് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു റോഡ് ഗതാഗതം തടസ്സപ്പെട്ടു

പാണത്തൂര്‍ : സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണ് പനത്തടി റാണിപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശിയായ സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മ്മാണത്തിനായി റാണിപുരം റാലി വ്യൂ റിസോര്‍ട്ടിന് സമീപം റോഡരികില്‍ കരിങ്കല്ലുകൊണ്ടു കെട്ടിയ സംരക്ഷണ ഭിത്തിയാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി അപകടകരമായ രീതിയില്‍ വന്‍തോതില്‍ മണ്ണെടുത്തതിനെതിരെ നേരത്തേ ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതര്‍ക്കും, റവന്യൂ വകുപ്പിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവൃത്തിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. വീണ്ടും നിര്‍മ്മാണത്തിനായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് അനുമതി നല്‍കിയത്. അനുമതിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെയാണ് മഴയത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡിലേക്ക് വീണത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ പകലാണ് സംരക്ഷണഭിത്തി ഇടിഞ്ഞതെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. റാണിപുരത്ത് അനധികൃത നിര്‍മ്മാണങ്ങളും, നിയമലംഘനങ്ങളും വ്യാപകമായി നടക്കുമ്പോഴും അധികൃതര്‍ കണ്ണടക്കുന്നതില്‍ വന്‍ പ്രതിഷേധത്തിലാണ് പ്രദേശത്തെ ജനങ്ങള്‍.

 

error: Content is protected !!