ഉണുപ്പംകല്ല്-കുണ്ടൂച്ചി പായം റോഡ് പണി പാതിവഴിയില്‍; ഇളകിയ മെറ്റലില്‍ തെന്നി നാട്ടുകാരുടെ യാത്ര

ബേഡകം: അഞ്ചുകോടി രൂപ അനുവദിച്ച ഉണുപ്പംകല്ല്-കുണ്ടൂച്ചി പായം റോഡ് നിര്‍മാണം പാതിവഴിയില്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2021-ല്‍ തുക അനുവദിച്ച റോഡിന്റെ നിര്‍മാണം 2023-ല്‍ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റോഡിലെ കുഴികളും ഇളകിയ മെറ്റലും നിര്‍മാണാവശിഷ്ടങ്ങളും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

ടാറിങ്ങിന് മുന്നോടിയായി മെറ്റല്‍ നിരത്തിയിട്ട് ഏഴുമാസം പിന്നിട്ടിട്ടും തുടര്‍നടപടികളുണ്ടായിട്ടില്ല. ഇതിനിടെ കരാര്‍ കാലാവധി രണ്ടുതവണ നീട്ടിനല്‍കി. 2026 മാര്‍ച്ച് 31-നകം പണി പൂര്‍ത്തിയാക്കുമെന്നാണ് നിര്‍വഹണച്ചുമതലയുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം അറിയിച്ചിരുന്നത്.
മെറ്റല്‍ ഇളകിയതോടെ കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്നത് ദുഷ്‌കരമായി. കാല്‍നടയാത്രക്കാരും സ്‌കൂള്‍ വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. വിദ്യാര്‍ഥികളുടെ യാത്രയെയും റോഡിന്റെ ശോച്യാവസ്ഥ പ്രതികൂലമായി ബാധിക്കുന്നു. യാത്രാദുരിതം പരിഹരിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തില്‍ കരാറുകാരുടെയും എന്‍ജിനീയറിങ് വിഭാഗത്തിന്റെയും യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുതവണ റോളര്‍ ഉപയോഗിച്ച് മെറ്റല്‍ ഉറപ്പിച്ചെങ്കിലും നിര്‍മാണം മുന്നോട്ടുപോയില്ല. റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

error: Content is protected !!