കാസര്കോട്: രാജ്യത്ത് അനുദിനം വര്ധിച്ചുവരുന്ന ഓണ്ലൈന് മരുന്ന് വ്യാപാരം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഇത് അടിയന്തരമായി പൂര്ണമായി നിര്ത്തലാക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തയ്യാറാകണമെന്നും ഓള് കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന് (എ.കെ.സി.ഡി.എ) കാസര്കോട് ജില്ലാ ജനറല് ബോഡി യോഗം ആവശ്യപ്പെട്ടു.
നിയമത്തിന്റെ പഴുതുകള് ചൂഷണം ചെയ്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന ഇത്തരം വ്യാപാരങ്ങള് സമൂഹത്തിന്, വിശിഷ്യാ യുവതലമുറയ്ക്കും കുട്ടികള്ക്കും വരുത്തിവെക്കുന്ന വിപത്തുകള് ചെറുതല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിലവിലുള്ള മരുന്ന്, സൗന്ദര്യവര്ധക വസ്തു നിയമപ്രകാരം മരുന്നുകളുടെ വിപണനവും വിതരണവും കര്ശനമായ നിരീക്ഷണങ്ങള്ക്ക് വിധേയമാണ്. എന്നാല് ഓണ്ലൈന് പ്ലാറ്റ്ഫോമുകള് വഴി യഥാര്ത്ഥ കുറിപ്പടിയുടെ പരിശോധനയോ ഫാര്മസിസ്റ്റിന്റെ നേരിട്ടുള്ള മേല്നോട്ടമോ ഇല്ലാതെയാണ് മരുന്നുകള് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
കാസര്കോട് നഗരസഭാ സമ്മേളന ഹാളില് ചേര്ന്ന ജില്ലാ ജനറല് ബോഡി യോഗം സംസ്ഥാന ജനറല് സെക്രട്ടറി ആന്റണി തര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷനായി. അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് കെ.വി. സുധീഷ് മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറര് എ. അന്വര് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില് അംഗങ്ങളുടെ മക്കളില് എസ്.എസ്.എല്.സി, പ്ലസ് ടു പരീക്ഷകളില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികളെ അനുമോദിച്ച് ഉപഹാരം നല്കി. പി.വി. അശോക് കുമാര്, കെ. ബാലകൃഷ്ണന്, വി. രാമചന്ദ്രന്, പി. രാമചന്ദ്രന്, എ. അന്വര് കുമ്പള, സാലി കോയ കാസര്കോട്, എസ്. വേണുഗോപാലന്, രാഘവന് ചെറാള് കുമ്പള എന്നിവര് സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി.എം. പ്രകാശന് സ്വാഗതവും പി.പി. പവിത്രന് നന്ദിയും പറഞ്ഞു.
