അവസാനശ്വാസം വരെ സംഘമന്ത്രം ഉരുവിട്ട്; ആലൈയിലെ കെ.വി. നാരായണന്‍ വിടപറഞ്ഞു

കാഞ്ഞങ്ങാട്: ജീവിതം കൊണ്ട് സംഘത്തെ സ്‌നേഹിച്ച, എതിര്‍പ്പുകളുടെ നടുവിലും പതറാതെ കാവി പതാക ഉയര്‍ത്തിപ്പിടിച്ച സ്വയംസേവകന്‍ മടിക്കൈ ആലൈയിലെ കെ.വി. നാരായണന്‍ (62) വിടപറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച്, സ്വയം തിരഞ്ഞെടുത്ത വഴിയില്‍ അടിയുറച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അവസാന നാളുകളില്‍ പോലും സംഘപ്രവര്‍ത്തനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍.
ഈ മാസം 4ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ ഹൈസ്‌കൂളില്‍ നടന്ന സാംഘിക് പരിപാടിയില്‍ ഏറ്റവും സജീവമായി പങ്കെടുത്തവരില്‍ ഒരാള്‍ നാരായണനായിരുന്നു. ഈ വര്‍ഷത്തെ ജന്മാഷ്ടമി ആഘോഷത്തിന് മടിക്കൈയില്‍ നടന്ന ഘോഷയാത്ര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. ‘ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണിത്’ എന്നാണ് അതിനെക്കുറിച്ച് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞത്.
മടിക്കൈയില്‍ ഉടന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സാംഘികിന്റെ ഒരുക്കങ്ങളിലും, വരാനിരിക്കുന്ന വിജയദശമി ആഘോഷത്തിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു അദ്ദേഹം. കോട്ടച്ചേരി – കുന്നുമ്മല്‍ പ്രദേശത്തെ സംഘപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു.
പ്രവര്‍ത്തനരംഗത്ത് മാത്രമല്ല, വ്യക്തിജീവിതത്തിലും അദ്ദേഹം മാതൃകയായിരുന്നു. കാഞ്ഞങ്ങാട്ടെ കൃഷ്ണ, ദീപ നഴ്‌സിംഗ് ഹോമുകളില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ദുബായിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം വീണ്ടും ദീപ നഴ്‌സിംഗ് ഹോമില്‍ ജോലിയില്‍ പ്രവേശിച്ചു. ഏല്‍പ്പിക്കുന്ന ജോലി ആത്മാര്‍ത്ഥമായും കൃത്യമായും ചെയ്യുന്ന പ്രകൃതമായതിനാല്‍ മാനേജ്‌മെന്റിനും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു.എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന പ്രകൃതം. അതായിരുന്നു നാരായണനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കിയത്.
പരേതരായ കുഞ്ഞിരാമന്റെയും പാറു കമ്മിയുടെയും മകനാണ്. ഭാര്യ: ശകുന്തള. മക്കള്‍: വിനീത്, വിപിന്‍ (ഇരുവരും ഗള്‍ഫില്‍).മരുമക്കള്‍: നിത്യ (കരിപ്പൊടി), രംഗീല (മടിക്കൈ), സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഓമന. പരേതരായ കൃഷ്ണന്‍, കുഞ്ഞമ്പു എന്നിവര്‍ സഹോദരങ്ങളാണ്.
കെ.വി. നാരായണന്റെ വിയോഗം കോട്ടച്ചേരി-കുന്നുമ്മല്‍ മേഖലയിലെ സംഘകുടുംബത്തിനും നാട്ടുകാര്‍ക്കും തീരാനഷ്ടമാണ്. അദ്ദേഹം പകര്‍ന്നു നല്‍കിയ ഓര്‍മ്മകളും കാണിച്ചുതന്ന മാതൃകയും ഓരോ സ്വയംസേവകന്റെയും ഹൃദയത്തില്‍ എന്നും പ്രചോദനമായി നിലനില്‍ക്കും.

 

error: Content is protected !!