കാഞ്ഞങ്ങാട്: ജെസിഐ ഇന്ത്യ സോണ്‍ 19 സംഘടിപ്പിക്കുന്ന എക്സോറ 2026 ബിസിനസ് എക്സ്പോയ്ക്ക് കാഞ്ഞങ്ങാട് രാജ് റെസിഡന്‍സി ഗ്രൗണ്ടില്‍ വര്‍ണ്ണാഭമായ തുടക്കം. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. ജെന്‍സി എന്ന് വിളിക്കാവുന്ന യുവതലമുറയാണ് ഭാവി ഭാരതത്തെ നയിക്കേണ്ടതെന്നും ലോകത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ലോകോത്തര സംഘടനയാണ് ജെസിഐ എന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് നല്ല അവസരങ്ങള്‍ ഒരുക്കി രാഷ്ട്രത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ജെസിഐയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണ്‍ 19 പ്രസിഡന്റ് എന്‍. അരുണ്‍ പ്രഭു അധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. എ.വി. വാമനകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ എന്നിവര്‍ സംസാരിച്ചു. സോണ്‍ ഡയറക്ടര്‍ (മാനേജ്മെന്റ്) മുഹമ്മദ് ജെബ്രൂദ് സ്വാഗതവും സോണ്‍ സെക്രട്ടറി ഡോ. നിതാന്ത് ബാല്‍ശ്യാം നന്ദിയും പറഞ്ഞു. ചടങ്ങില്‍ മാവുങ്കാല്‍ സുരഭി ഹാര്‍ഡ് വേര്‍ഡ്സ് ഉടമ ബാലകൃഷ്ണന്, ദേവദാസ് ഗ്രീന്‍ ഡ്രോപ്സ് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഉറുമി ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടി അരങ്ങേറി. നിരവധി സ്റ്റാളുകളിലായി ബിസിനസ് എക്സ്പോ, ബിസിനസ് കോണ്‍ക്ലേവ്, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോയുടെ പ്രവര്‍ത്തന സമയം. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ഇല്ലം ബ്രാന്‍ഡ് മ്യൂസിക്കല്‍ നൈറ്റില്‍ കാഞ്ഞങ്ങാട് എം.എല്‍.എ അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി എന്നിവര്‍ മുഖ്യാതിഥികളാകും. നാളെ വൈകിട്ട് 7ന് ഡി.ജെ സനയുടെ ഷോയും സമാപന ദിവസമായ 11ന് പിന്നണി ഗായിക സിത്താരയുടെ ‘മലബാറിക്കസ്’ മ്യൂസിക്കല്‍ ഷോയും ഉണ്ടാകും. എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സംഗീത പരിപാടികള്‍ക്ക് പാസ് മൂലമായിരിക്കും പ്രവേശനം.
