നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം ചരിത്രപരമായ 200-ാം ദിവസത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷ അടിവരയിട്ട് ഇന്ന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ജനകീയ സമരപ്പന്തലില്‍ ജനസുരക്ഷാ പ്രഖ്യാപന സമ്മേളനവും സുരക്ഷാ റാലിയും സംഘടിപ്പിക്കും.
വൈകിട്ട് 4 മണിക്ക് എംബാങ്ക്മെന്റ് ചുറ്റിയുള്ള സുരക്ഷാ റാലി നടക്കും. തുടര്‍ന്ന് 5 മണിക്ക് നടക്കുന്ന 200-ാം ദിന സമ്മേളനം കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
ലയണ്‍സ് ജി.എ.ടി ഏരിയ ലീഡറും ഇന്ത്യന്‍ ജൂനിയര്‍ ചേംബര്‍ മുന്‍ ദേശീയ പ്രസിഡന്റുമായ അഡ്വ. വാമന കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. സുരക്ഷ ജനങ്ങളുടെ അവകാശവും ചുമതലയുമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സമരസമിതി ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
അതേസമയം, സമരപ്പന്തല്‍ പൊളിച്ചു മാറ്റാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സമരസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പന്തല്‍ പൊളിച്ചത് കൊണ്ട് സമരം അടിച്ചമര്‍ത്താമെന്നത് കേവലം വ്യാമോഹം മാത്രമാണെന്നും, സുരക്ഷയും ആകാശപാതയും ഉറപ്പാക്കും വരെ സമരം കൂടുതല്‍ ശക്തമായി തുടരുമെന്നും ജനകീയ സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
199-ാം ദിനമായ ഇന്നലെ നടന്ന പത്താം ദിന റിലേ പ്രതിഷേധ ജാഥ വന്‍ ജനപങ്കാളിത്തത്തോടെ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
ഭാരം താങ്ങാന്‍ ഒട്ടും ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഏഴ് മീറ്ററോളം ഉയരത്തില്‍ മണ്‍തിട്ട നിര്‍മ്മിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ അതിഭാരം മൂലം ഏതുനിമിഷവും മണ്ണിടിയാനും സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല യാതൊരു നിര്മ്മാണവുമെന്നും സുരക്ഷ ഉറപ്പാക്കാതെയുള്ള ഈ പ്രവൃത്തി അംഗീകരിക്കാനാകില്ലെന്നും സമരസമിതി മുന്നറിയിപ്പ് നല്കി.
നെടുങ്ങണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ ഈ ജീവന്മരണ പോരാട്ടം ശക്തമായി തുടരും.
ജനകീയ സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
