പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 62,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോടതി. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി പി എം സലിമിനെയാണ് കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം.

2022 ജൂണ്‍ 2നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ച് ബന്ധുവായ 14 വയസ്സുള്ള പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതിക്ക് പോക്‌സോ ആക്ട് 6(1) പ്രകാരം 30 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും, ഇന്ത്യന്‍ ശിക്ഷാ നിയമം 370(4) പ്രകാരം 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 354(എ)(2) പ്രകാരം 3 വര്‍ഷം തടവും 1,000 രൂപ പിഴയും, 354(ബി) പ്രകാരം 3 വര്‍ഷം തടവും 1,000 രൂപ പിഴയുമാണ് വിധിച്ചത്.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു കേസില്‍ ഇതേ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ ഇതേ കോടതി നേരത്തെ വിധിച്ചിരുന്നു. മേല്‍പ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യ അന്വേഷണം ഇന്‍സ്‌പെക്ടര്‍ കെ. ദാമോദരനും, തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഡി.വൈ.എസ്.പി ഉത്തംദാസുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!