നീലേശ്വരം: ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന നീലേശ്വരം റെയില്വേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങളില് ഗുരുതരമായ അനാസ്ഥയെന്ന് ആരോപണം. പ്രധാന പാതയുടെ കോണ്ക്രീറ്റ് പ്രവര്ത്തനം വേഗത്തില് പൂര്ത്തിയാക്കിയെങ്കിലും പാതയ്ക്കിടയിലെ മരങ്ങളും വിളക്കുകാലുകളും ജംഗ്ഷന് ബോക്സും നീക്കം ചെയ്യാതെയാണ് നിര്മാണം നടത്തിയത്. ഇതിനുപിന്നാലെ ഇതേ പദ്ധതിയുടെ ഭാഗമായി നിര്മിക്കുന്ന നടപ്പാതയുടെ പ്രവര്ത്തനത്തിലും അശാസ്ത്രീയത തുടരുന്നതായാണ് ആക്ഷേപം.
കോണ്ക്രീറ്റ് ചെയ്ത ഭാഗത്തിന് മുകളില് ടൈല് പാകുന്ന പ്രവര്ത്തനവും പുരോഗമിക്കുകയാണ്. മറ്റൊരു സ്ഥലത്തുനിന്ന് ഇളക്കിയെടുത്ത് കൊണ്ടുവന്ന ടൈലുകളാണ് ഇവിടെ പാകുന്നതെന്നും നാട്ടുകാര് ആരോപിക്കുന്നു.
ലക്ഷങ്ങള് ചെലവഴിച്ച് നിര്മിക്കുന്ന റെയില്വേ സ്റ്റേഷന് റോഡിന്റെ പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മേല്നോട്ടം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രധാന കോണ്ക്രീറ്റ് പ്രവര്ത്തനത്തിന് ആവശ്യമായ കമ്പി ഉപയോഗിക്കാതെയാണ് നിര്മാണം നടത്തിയതെന്നും നാട്ടുകാര് ഇടപെട്ടതിനെ തുടര്ന്നാണ് പിന്നീട് കമ്പി സ്ഥാപിച്ചതെന്നും പറയുന്നു. ഞായറാഴ്ച മരക്കുറ്റികള് നിലനിര്ത്തിക്കൊണ്ടുതന്നെ നടപ്പാത കോണ്ക്രീറ്റ് ചെയ്യാന് ശ്രമം നടന്നിരുന്നു. മാധ്യമപ്രവര്ത്തകരുടെ ഇടപെടലിനെ തുടര്ന്ന് ആ ഭാഗം ഒഴിവാക്കിയാണ് അന്ന് കോണ്ക്രീറ്റ് ചെയ്തത്.പരാതിയെ തുടര്ന്ന് ഇന്ന് രാവിലെ ഉണങ്ങിയ മരക്കുറ്റികള് നീക്കം ചെയ്തു. ഇനിയുള്ള ഭാഗത്ത് റെയില്വേ സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം റോട്ടറി ക്ലബ് ഏകദേശം 27 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച പാതയുടെ ഭാഗമായി നട്ട മരങ്ങള് അതേപടി നിലനിര്ത്തി കോണ്ക്രീറ്റ് ചെയ്യാനാണ് കരാര് കമ്പനിയുടെ നീക്കമെന്നും നാട്ടുകാര് പറയുന്നു. മരങ്ങളെ സംരക്ഷിക്കാനാണ് ലക്ഷ്യമെങ്കില് അവയ്ക്ക് വളരുന്നതിനാവശ്യമായ സംരക്ഷണവും സ്ഥലവും ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്, നിലവിലെ രീതിയില് മരങ്ങള്ക്ക് ചുറ്റും കോണ്ക്രീറ്റ് ചെയ്യുന്നത് അവയുടെ വളര്ച്ചയെ എങ്ങനെ ബാധിക്കുമെന്നതുപോലും പരിഗണിക്കാതെയാണ് പ്രവര്ത്തനം മുന്നോട്ടുപോകുന്നതെന്നാണ് ആരോപണം.
റോഡ് അടച്ചിടുന്നത് സംബന്ധിച്ച് സെപ്റ്റംബര് ഒന്ന് മുതല് 30 വരെ റോഡ് അടച്ചിടുമെന്ന് റെയില്വേ നഗരസഭയെയും നീലേശ്വരം പൊലീസിനെയും രേഖാമൂലം അറിയിച്ചിരുന്നു. എന്നാല് ആഗസ്റ്റ് 28 മുതല് തന്നെ കരാര് കമ്പനി നിര്മാണം ആരംഭിച്ചതായും നാട്ടുകാര് പറയുന്നു. റോഡ് അടയ്ക്കുമ്പോള് ആവശ്യമായ മുന്നറിയിപ്പ് ബോര്ഡുകളും രാത്രികാല വെളിച്ചവും സ്ഥാപിച്ച് യാത്രക്കാര്ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന റെയില്വേയുടെ നിര്ദേശം പാലിക്കാതെയാണ് നിര്മാണം നടത്തിയതെന്നും ആരോപണമുണ്ട്. രാത്രിയില് റോഡിന് കുറുകെ കയര് കെട്ടിയിട്ടത് ശ്രദ്ധയില്പ്പെടാതെ നിരവധി പേര് അപകടത്തില്പ്പെട്ടതായും നാട്ടുകാര് പറയുന്നു. വഴിയില് ആവശ്യമായ വിളക്കുകള് സ്ഥാപിക്കാത്തതിനെ തുടര്ന്ന് വീണ് പരിക്കേറ്റവരുമുണ്ടെന്നും അവര് ആരോപിക്കുന്നു.
ഇത്തരം പ്രശ്നങ്ങള്ക്കിടയിലും നടപ്പാതയിലെ മരങ്ങള് പോലും നീക്കം ചെയ്യാതെ നിര്മാണം തുടരുന്നതില് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റെയില്വേ സ്റ്റേഷന് റോഡ് നവീകരണ പ്രവര്ത്തനങ്ങളില് ബന്ധപ്പെട്ട അധികൃതര് അടിയന്തരമായി ഇടപെട്ട് നിര്മാണത്തിന്റെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
