‘ തേജസ്വിനി പുഴയെ സംരക്ഷിക്കാന്‍’ നാടോരുമിച്ചു; മനുഷ്യ ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി

കരിന്തളം: തേജസിനി പുഴയില്‍ മുക്കട കേന്ദ്രീകരിച്ച് വന്‍തോതില്‍ ജലം ഊറ്റിയെടുത്ത് പുഴയെ ഇല്ലാതാക്കുന്നതിനെതിരെ തേജസ്വിനി പുഴ സംരക്ഷണ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യ ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി. തൃക്കരിപ്പൂര്‍ അഡ്‌ജോയിങ് പഞ്ചായത്ത് പദ്ധതിയുടെ പേരില്‍, മുക്കട കേന്ദ്രീകരിച്ച് കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ -പെരളം, കങ്കോല്‍ -ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസര്‍കോട് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വന്‍ തോതില്‍ വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും വസിക്കുന്ന ജനങ്ങളുടെ പ്രതിഷേധമാണ് മനുഷ്യ ചങ്ങലയിലൂടെ പ്രകടമായത്.ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റര്‍ വെള്ളമാണ് പുഴയില്‍ നിന്നും ഊറ്റിയെടുക്കുക. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താല്‍ അതിനു തക്ക നീരൊഴുക്ക് നിലവില്‍ തേജസ്വിനി പുഴയില്‍ ഇല്ല. ഇത് തീരദേശ മേഖലയിലും കുന്നിന്‍ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാര്‍ ഒന്നടക്കം ആവശ്യപ്പെടുകയാണ്. നീരൊഴുക്ക് കുറഞ്ഞതോടെ വേനല്‍ക്കാലത്ത് പുഴയില്‍ ചെറിയതോതില്‍ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. കയ്യൂര്‍-ചീമേനി പഞ്ചായത്തിലെയും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത് ബാധിക്കും . തീരദേശ മേഖലയില്‍ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതിഎന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മുക്കട പലത്തിനു സമീപം നടന്ന മനുഷ്യച്ചങ്ങലയില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി പി. ജാനകി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ കെ അനിത വി.വി ജനാര്‍ദ്ദനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. വി. യശോദ, എം. വി.പത്മാവതി, ടി. കെ. ദിവാകരന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കയനി മോഹനന്‍, എം. വി. രതീഷ്, കെ. സജേഷ്, കെ. സുകുമാരന്‍, എം. കെ. നളിനാക്ഷന്‍, ടി. പി. ശാന്ത, ഒ.എം ബാലകൃഷ്ണന്‍, വരയില്‍ രാജന്‍, കെ. സതീശന്‍, വി. ലോജിത്, പി. പി. രാജേഷ്, കെ. വി. സുധീഷ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫസര്‍ എം.ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എം. ചന്ദ്രന്‍, കെ. സുരേഷ്, വി. അമ്പുഞ്ഞി, അനില്‍ മന്നച്ഛന്‍ വയല്‍, സജയന്‍, കെ. വി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!