തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ബൈക്ക് മോഷണം: മൂന്നു പ്രതികള്‍ പിടിയില്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ തട്ടാച്ചേരി സ്വദേശി ഷര്‍ബാസ് സുബൈര്‍ (22), പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശികളായ മുഹമ്മദ് സാബിത്ത് പി.വി. (21), മുഹമ്മദ് ഫവാസ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ കാണാതായത്. പരാതി ലഭിച്ചയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച പോലീസ് മണിക്കൂറുകള്‍ക്കകം പ്രതികളെ വലയിലാക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് സംഘം സമര്‍ത്ഥമായി പിടികൂടിയത്.
ചന്തേര എസ്.ഐ. വിഷ്ണു എസ്. നായര്‍, പ്രൊബേഷന്‍ എസ്.ഐ. സതീഷ്, എ.എസ്.ഐ.മാരായ എം രാജേഷ്, പ്രമോദ് കുമാര്‍, എസ്.സി.പി.ഒ.മാരായ ശിവകുമാര്‍, അമല്‍ രാമചന്ദ്രന്‍, പ്രഭേഷ് കുമാര്‍, കെ എം സുനില്‍ കുമാര്‍ , സി .സജിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.

 

error: Content is protected !!