ഹൃദയാഘാതത്തെ തുടര്‍ന്ന് ഉമ്മുല്‍ ഖുവൈനില്‍ മരിച്ച നോര്‍ത്ത് ചിത്താരിയിലെ ടി.വി. ഫിറോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഉമ്മുല്‍ ഖുവൈനില്‍ മരിച്ച കാഞ്ഞങ്ങാട് നോര്‍ത്ത് ചിത്താരിയിലെ പരേതനായ മീത്തല്‍ മൊയ്തീന്‍ കുഞ്ഞിയുടെയും മറിയത്തിന്റെയും മകന്‍ ടി.വി. ഫിറോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരം നടത്തി. ദുബായ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാവിലെ 8.15 ഓടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. നൂറുകണക്കിന് ആളുകള്‍ മയ്യത്ത് നിസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് താമസ സ്ഥലത്തു നിന്ന് ജോലിക്കായി പുറപ്പെട്ട ഫിറോസ് വൈകുന്നേരമായിട്ടും സ്ഥാപനത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒമ്പതോടെ സ്ഥാപനത്തിന് സമീപത്തെ പാര്‍ക്കിങ്ങില്‍ കാറിനുള്ളില്‍ ഡ്രൈവിങ് സീറ്റില്‍ ചാരി കിടക്കുന്ന നിലയില്‍ ഫിറോസിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. കാറിന്റെ ഗ്ലാസ് പൊളിച്ച് ഫിറോസിനെ പുറത്തെടുത്തെങ്കിലും ആംബുലന്‍സില്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. ആംബുലന്‍സ് ഡോക്ടറും ടെക്‌നീഷ്യന്‍മാരും നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ താമസമുണ്ടാകാന്‍ കാരണം. ഭാര്യ: ഹാദിയ. സഹോദരങ്ങള്‍: അഷ്‌റഫ് (കെ.എം.സി.സി. ഉമ്മുല്‍ ഖുവൈന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി), ഹമീദ്, സൈനുദ്ധീന്‍ (കെ.എം.സി.സി. ഉമ്മുല്‍ ഖുവൈന്‍ സംസ്ഥാന സെക്രട്ടറി), ഹനീഫ, യൂസുഫ്, ഇസ്മായില്‍, സൗദ, ഫൗസിയ.

 

error: Content is protected !!