കാഞ്ഞങ്ങാട്: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട പുതിയപ്പ, മടക്കര ബോട്ടുകള്‍ പിടിയില്‍. ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല കടല്‍ പട്രോളിംഗിലാണ് ബോട്ടുകള്‍ പിടികൂടിയത്. കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈനി സി.കെ യുടെ നിര്‍ദേശാനുസരണം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. ചന്ദന ദിനകരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാത്രി സമയത്ത് അനധികൃതമായി പെയര്‍ ട്രോളിങ് നടത്തിയ കിങ് ഫിഷര്‍ എന്ന ബോട്ടും, രാത്രി ട്രോളിങ് നടത്തിയ സാന്‍വി എന്ന ബോട്ടുമാണ് പിടിയിലായത്. അഡ്ജുഡിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബോട്ടുകള്‍ അഴിത്തലയിലെത്തിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഗാര്‍ഡ് അര്ജുന്, റെസ്ക്യൂ ഗാര്‍ഡുമാരായ അഷ്ഫാഖ് അലി, രാജേഷ്, ഹാര്‍ബര്‍ ഗാര്‍ഡുമാരായ ശിവകുമാര്‍, മുത്തു, ബോട്ട് ഡ്രൈവര്‍മാരായ ഇക്ബാല്‍, സത്യന്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് നിയമലംഘനം പിടികൂടിയത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികള്‍ക്കെതിരെയുള്ള നടപടികള്‍ തുടരുകയാണെന്നും നിയമം നടപ്പിലാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ . ഷൈനി അറിയിച്ചു.
