നീലേശ്വരം: കണ്ണൂര്‍ – മംഗലാപുരം സെക്ടറില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ ഭൂമിയുണ്ടായിട്ടും നീലേശ്വരത്തെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍. 2018 മാര്‍ച്ച് ആറാം തീയതി അന്നത്തെ നീലേശ്വരം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ടി വി സുധാകരന് പാലക്കാട് ഡിവിഷന്‍ വര്‍ക്ക്‌സ് ബ്രാഞ്ചില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം, നീലേശ്വരത്ത് റെയില്‍വേക്ക് സ്വന്തമായി 25.42 ഏക്കര്‍ ഭൂമിയുണ്ടെന്നും കണ്ണൂരിനും മംഗലാപുരത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ സ്ഥലം റെയില്‍വേക്ക് സ്വന്തമായി ഉള്ളത് ഇവിടെയാണെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഈ ഭൂമി ഉപയോഗപ്പെടുത്തി കോച്ചിംഗ് ഡിപ്പോയും പിറ്റ് ലൈനും ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന്മേല്‍ അധികൃതര്‍ മൗനം തുടരുകയാണ്.
തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈന്‍ സംവിധാനങ്ങള്‍, തീവണ്ടികള്‍ നിര്‍ത്തിയിടാനുള്ള സിക്ക് ലൈനുകളും സ്റ്റാബ്ലിംഗ് ലൈനുകളും ഇവിടെ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം. നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു പ്രധാന ഓപ്പറേറ്റിങ് സ്റ്റേഷനായി നീലേശ്വരത്തെ മാറ്റാന്‍ ഈ ഭൂമി പര്യാപ്തമാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്തത് പ്രദേശവാസികളില്‍ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. പാലക്കാട് ഡിവിഷനില്‍ നിന്ന് മംഗലാപുരം അടര്‍ന്നുപോയതുവഴിയുള്ള നഷ്ടം പരിഹരിക്കാന്‍ പോലും ഈ പദ്ധതിക്ക് കഴിയുമായിരുന്നു. പാലക്കാട് ഡിവിഷന്‍ പരിധിയില്‍ 24 കോച്ചുകളുള്ള വണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ടൗണില്‍ പിറ്റ് ലൈന്‍ സൗകര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്കിന് ഇത് തികയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നീലേശ്വരത്ത് ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പകലും രാത്രിയുമായി ഏകദേശം 12-ഓളം യാത്രാവണ്ടികള്‍ ഇവിടെ നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കാന്‍ സാധിക്കും. മലബാറിന്റെ റെയില്‍വേ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന ഈ വിഷയത്തില്‍ റെയില്‍വേ അധികൃതര്‍ ഇനിയെങ്കിലും കനിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
