കാഞ്ഞങ്ങാട്:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം നല്കി കാഞ്ഞങ്ങാട് സൗത്ത് ഗവ. വി.എച്ച്.എസ്.എസ്. ലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍. വാഴയിലയില്‍ ദേശീയ പതാകയുടെ മാതൃക തയ്യാറാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയരായത്.
സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെയും നേതൃത്വത്തില്‍ ഹര് ഘര്‍ തിരിംഗ എന്ന പദ്ധതിയുടെ ഭാഗമായി ‘ഹരിത സ്വാതന്ത്ര്യം’ എന്ന കലാസൃഷ്ടി ഒരുക്കിയത്. പ്ലാസ്റ്റിക് പതാകകള്‍ക്ക് പകരം പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുള്ള പതാകകള്‍ ഒഴിവാക്കി ഹരിത പതാക ഉപയോഗിക്കാം എന്ന ആശയം മുന്‍നിര്‍ത്തി എണ്‍പതാമത് സ്വാതന്ത്ര ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 80 ഹരിത പതാകകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂള്‍ പരിസരത്തെ വീട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി നല്കി.
വലിയ വാഴയില ചെറിയ വലുപ്പത്തില്‍ മുറിച്ച് മുകളില്‍ കാവി നിറവും, നടുവില്‍ വെള്ള നിറവും കളര്‍ ചെയ്തു താഴെ വാഴയിലയിലെ പച്ചനിറവും ഉപയോഗിച്ചു് പതാകയുടെ മൂന്ന് നിറങ്ങളും വിദ്യാര്‍ത്ഥികള്‍ ഒരുക്കി. നടുവില്‍ 24 ആരങ്ങളുള്ള അശോകചക്രവും നീല നിറത്തില്‍ വരച്ചുചേര്‍ത്തു.
പതാകാനിര്മ്മാണത്തിന് മുന്നേ ദേശീയ പതാകയുടെ മര്യാദകളെക്കുറിച്ച് കരിയര്‍ മാസ്റ്ററായ പി സമീര്‍ സിദ്ധീഖി ക്ലാസെടുത്തു. പരിപാടി കഴിഞ്ഞ് പതാക ബഹുമാനപൂര്‍വ്വം സംസ്കരിക്കുമെന്നും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര് മഞ്ജു പറഞ്ഞു.
‘പരിസ്ഥിതിയോടും രാജ്യത്തോടുമുള്ള ബഹുമാനം ഒരേ പോലെ പ്രകടിപ്പിക്കാനാണ് ഈ ശ്രമം’ എന്ന് പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ പറഞ്ഞു.
അ
സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ , പ്രഥമ അധ്യാപകന് എസ് ഗിരീശന്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര് മഞ്ജു, കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , പുജ , അശ്വിനി, പ്രജീഷ്, ശ്വാമിത , ഏലിയാമ്മ ജോസഫ്, ശ്വാമിത, സുബിത ,സിന്ധു പി രാമന്, പ്രജീഷ് സി എം , വോളന്റിയര്‍മാരായ എന്‍ എസ് എസ് വോളണ്ടിയര്‍മാരായ കൃഷ്ണ പ്രിയ, ഇസ ഫാത്തിമ, ഫാത്തിമത്ത് ഫിദ,സൈന അബ്ദുല്‍ ജലീല്‍,അദീന ദീപു ,
മുഹമ്മദ് സിയാദ്, ഫാസില്‍, അനസ്, ഫഹീം തുടങ്ങിയവര്‍ നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളുടെ ഈ വ്യത്യസ്തമായ സംരംഭത്തിന് നാട്ടുകാരില്‍ നിന്നും പി റ്റി എ യില്‍ നിന്നും പ്രശംസ ലഭിച്ചു.
