ധനു മാസത്തിലെ തിരുവാതിരനാളിനെ  വരവേറ്റ് പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ മെഗാതിരുവാതിര

നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിര ചരിത്രത്തിലേക്കുള്ള ചുവടുവെപ്പായി. ഇന്നലെ വൈകിട്ട് 7 മണി മുതല്‍ പള്ളിക്കര ഭഗവതി ക്ഷേത്രം മൈതാനിയിലാണ് തിരുവാതിര അരങ്ങേറിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആറു മുതല്‍ 70വയസു വരെയുള്ള 700 ഓളം കലാകാരികളാണ് നിരഞ്ജനി ജയരാജ്,നീന ജയകൃഷ്ണന്‍, കാര്‍ത്തിക ചന്ദ്രന്‍ എന്നിവരുടെ പാട്ടിനൊപ്പം ചുവടെ വച്ചത്. രാജഗോപാലന്‍ മാവുങ്കാല്‍ പുല്ലാംകുഴലും നീലേശ്വരം സന്തോഷ് മാരാര്‍ ഇടക്കയും വായിച്ചു.കഴിഞ്ഞ മൂന്നുമാസമായി 22 സ്ഥലങ്ങളിലായിട്ടാണ് കേണമംഗലം കഴകം പെരുങ്കളിയാട്ട പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര കളിയുടെ പരിശീലനം പൂര്‍ത്തിയാക്കിയത്. ജയശ്രീ ജയരാജ്, മായ കൈലാസ് നാഥ് എന്നീ ഡാന്‍സ് അധ്യാപികമാരുടെ ക്ഷണത്തിലാണ് തിരുവാതിരയുടെ പരിശീലനം പൂര്‍ത്തിയാക്കിയത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മെഡിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ഗൗരി, പി ഭാര്‍ഗവി, കെ പി ഉഷ എന്നിവര്‍ ചേര്‍ന്നാണ് തിരുവാതിരക്കളിക്ക് ദീപം കൊളുത്തിയത്. സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍, മുന്‍ എം പി പി കരുണാകരന്‍, സംഘാടകസമിതി ഭാരവാഹികളായ പി രമേശന്‍, പി രമേഷ് കുമാര്‍, പി ഗോപീകൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!