കഞ്ചാവ് കടത്തിയ കേസില്‍ 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസ്സില്‍ 22കിലോ കഞ്ചാവ് കടത്തിയ കേസില്‍
ഇരുപത് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള ബംബ്രാണി നഗര്‍ ഷബീബ് മന്‍സിലില്‍ സൈനുദ്ദീന്‍ മകന്‍ ബി എസ് അബ്ദുള്‍ സക്കീര്‍ (40) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും അനുഭവിക്കണം. പ്രതി സ്‌കൂള്‍ കുട്ടികള്‍ക്ക് മയക്ക് മരുന്ന് വില്‍പന നടത്തുന്നതായി വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലും , കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലും സമാനമായ കേസുകള്‍ നിലവിലുണ്ട്. പ്രതി കേസ് വിധി പറയാനിരിക്കെ കോടതിയില്‍ ഹാജരാകാതെ എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് വച്ച് സാഹസികമായി പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ കേസില്‍ റിമാന്റ് ചെയ്യുകയും , തുടര്‍ന്ന് കേസില്‍ വിധി പറയുകയുമാണുണ്ടായത് .

2020 ഫെബ്രുവരി 12 ന് രാവിലെ 7.30 മണിക്ക് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്‍ ,ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ വി ബാബു ,കെ എ ജനാര്‍ദ്ദനന്‍ , നിധീഷ് വൈക്കത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത് .തുടര്‍ന്ന് കേസന്വേഷണം നടത്തിയത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍ ,ഡി. ബാലചന്ദ്രന്‍ എന്നിവരും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായ എസ് കൃഷ്ണകുമാറുമാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി ചന്ദ്രമോഹന്‍ ,അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!