കാഞ്ഞങ്ങാട്: ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ കെ.സുരേന്ദ്രന് നാലാംതവണയാണ് ജനവിധി തേടുന്നത്. കാഞ്ഞങ്ങാട് എം.ബല്‍രാജ് തുടര്‍ച്ചയായി രണ്ടാംതവണയാണ് മത്സരിക്കുന്നത്. ഉദുമയില്‍ പുതുമുഖം മനുലാല്‍ മേലത്ത് ആണ് സ്ഥാനാര്‍ഥി. തൃക്കരിപ്പൂരില്‍ ട്വന്റി 20യുടെ രവി കുളങ്ങര സ്ഥാനാര്‍ഥിയാകും. ബിജെപിയുടെ ശക്തികേന്ദ്രമായ കാസര് കോട് മണ്ഡലത്തില്‍ രണ്ടാംഘട്ടത്തിലാണ് സ്ഥാനാര്ഥിപ്രഖ്യാപനമുണ്ടാവുക.
കെ.സുരേന്ദ്രന് (54)
ബിജെപിയുടെ എ ക്ലാസ് നിയോജകമണ്ഡലമായ മഞ്ചേശ്വരത്ത് സ്വപ്നവിജയം നേടിയെടുക്കാന്‍ പാര്‍ട്ടി ഒരിക്കല്‍കൂടി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ നിയോഗിച്ചിരിക്കുകയാണ്. കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ നിന്നു കെമിസ്ട്രിയില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. കെ.ജി.മാരാരുടെ നിര്‍ദേശത്തെതുടര്‍ന്ന് യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. നിലവില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ്. കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്. ഷീബയാണ് ഭാര്യ. ഹരികൃഷ്ണന്, ഗായത്രിദേവി എന്നിവരാണ് മക്കള്‍.
എം.ബല്‍രാജ് (54)
വ്യവസായപ്രമുഖനായ ബല്‍രാജ് ബിജെപി ജില്ലാ വൈസ്പ്രസിഡന്റാണ്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 പെട്രോള്‍ ബങ്കുകള്‍, ഹോട്ടല്‍ രാജ് റസിഡന്‍സി, ദീപാ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സഹോദരന് നാഗരാജിനൊപ്പം നടത്തുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും 20 വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. 2015 മുതല്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറാണ്. ബിജെപി ജില്ലാ ട്രഷറര്‍ ആയിരുന്നു. വിദ്യാഭ്യാസം എസ്എസ്എല്‍സി. ഭാര്യ വന്ദന മുന്‍ നഗരസഭ കൗണ്‍സിലറാണ്. ഗണേഷ്, പ്രണവ് എന്നിവര്‍ മക്കളാണ്.
മനുലാല്‍ മേലത്ത് (39)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ കന്നിയങ്കത്തിനൊരുങ്ങുകയാണ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്. ബാലഗോകുലം, എബിവിപി, ആര്‍എസ്എസ് എന്നിവയിലൂടെയാണ് മനുലാല്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ബികോം സി എ, ബിരുദധാരിയാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കുറ്റിക്കോല്‍ ഡിവിഷനില്‍ മത്സരിച്ചിരുന്നു. കുറ്റിക്കോല്‍ മാനടുക്കത്തെ കെ.എല്‍.ഉണ്ണികൃഷ്ണന് നായരുടെയും മേലത്ത് തങ്കമണിയുടെയും മകനാണ്. അവിവാഹിതനാണ്.
രവി കുളങ്ങര (56)
ട്വന്റി 20യുടെ ജില്ലാ’ കോഓര്ഡിനേറ്റായ രവി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി സാമൂഹ്യരാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമാണ്. തീയ്യ സമുദായ സംഘടനയായ തീയ്യക്ഷേമസഭ സംസ്ഥാന പ്രസിഡന്റാണ്.
ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ചെറുവത്തൂര്‍ ആനിക്കാടിയിലെ പരേതനായ കരക്കക്കാവില്‍ ഗോവിന്ദന്റെയും കുളങ്ങര മാധവിയുടെയും മകനാണ്. ഭാര്യ ബവിത
കാഞ്ഞങ്ങാട് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നു. മക്കളായ അനുപം, നബേന്ദു, പാര്‍ഥിവ് എന്നിവര്‍ എംബിബിഎസ് വിദ്യാര്‍ഥികളാണ്.
