പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് ഭണ്ഡാര വീട് കന്നികൊട്ടിലില്‍ ‘ഭരണികുറിക്കല്‍’ ചടങ്ങ് നടന്നു. തുടര്‍ന്ന് പടിഞ്ഞാറ്റയില്‍ ഭരണികുഞ്ഞിയെ നിശ്ചയിക്കുന്ന ചടങ്ങും നടന്നു. ഉദുമ പടിഞ്ഞാര്‍ അംബിക നഗര്‍ വാഴുന്നോര്‍ വളപ്പില്‍ ‘അത്തംചിത്തിര’ യില്‍ എന്‍. കെ. അംലേഷിന്റെയും ടി.കെ. ഷെല്‍മയുടെയും മകള്‍ നൈനികയ്ക്കാണ് ഈ വര്‍ഷത്തെ ഉത്സവനാളില്‍ ഭരണി കുഞ്ഞിയാവാന്‍ നിയോഗം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി(1) വിദ്യാര്‍ത്ഥിനിയായ നൈനിക ദൈവീകമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ ഷാര്‍ജയില്‍ നിന്ന് അമ്മയോടൊപ്പം എത്തുകയായിരുന്നു. അച്ചന്‍ ഷാര്‍ജയിലാണിപ്പോള്‍. വെള്ളിയാഴ്ച്ച രാവിലെ കരിപ്പോടി പെരുമുടിത്തറ തറയില്‍ വീട് തറവാട്ടിലെ രാഘവന്‍ തറയിലച്ചന്റെ നേതൃത്വത്തില്‍ നിയുക്ത ബാലികയെ ഭണ്ഡാര വീട്ടിലേക്ക് ആനയിച്ചു. ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയില്‍ കെടാവിളക്ക് സാക്ഷ്യമാക്കി പലകയില്‍ ചമ്രംപടിഞ്ഞിരുന്ന് ദേവിയെ കൈകൂപ്പി പ്രാര്‍ഥിച്ച നൈനികയെ ആചാര സ്ഥാനികരും മൂന്ന് തറകളെ പ്രതിനിധീകരിച്ച് ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷണനും അരിയിട്ട് അനുഗ്രഹിച്ചു.
ഭഗവതിയുടെ നക്ഷത്രം മീനത്തിലെ ഭരണി ദിവസമാണെന്ന് സങ്കല്പം. തൃക്കണ്ണാട് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പാലക്കുന്നില്‍ ഉത്സവം കുംഭത്തില്‍ നടക്കുന്നതിനാല്‍ ആ നക്ഷത്രത്തില്‍ ജനിച്ച കഴകപരിധിയിലെ
എട്ടില്ലം തീയ്യരില്‍ പെടുന്ന 10 വയസ്സ് കവിയാത്ത പെണ്‍കുട്ടിയെ ദേവിയുടെ നക്ഷത്രപ്രതീകമായി സങ്കല്പിച്ച് ഉത്സവ ചടങ്ങുകളില്‍ പങ്കെടുപ്പിക്കും. ക്ഷേത്രോത്സനാളുകളില്‍ സ്ഥാനികരോടൊപ്പം കൊടിയിറങ്ങും വരെ ഭരണികുഞ്ഞി ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.
