കാഞ്ഞങ്ങാട്: ചിന്മയ മിഷന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ചിന്മയ യുവകേന്ദ്ര സംഘടിപ്പിക്കുന്ന അമൃതയാത്രയ്ക്ക് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ പൂര്‍ണകുംഭ സ്വീകരണം നല്കി. പുനെയില്‍ ആരംഭിച്ച അമൃതയാത്ര നാലു സംസ്ഥാനങ്ങള്‍ കടന്ന് 72ാം ദിവസമാണ് കാഞ്ഞങ്ങാട് എത്തിയത്. ചിന്മയാനന്ദ സ്വാമിയുടെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക, യുവാക്കളില്‍ ആത്മീയത പകര്‍ന്നു നല്‍കുക, ഭഗവദ്ഗീതയിലെ അഞ്ച് ശ്ലോകങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്നിവയാണ് അമൃതയാത്രയുടെ ലക്ഷ്യം. യാത്രാസംഘ തലവന്‍ സ്വാമി അനുകൂലാനന്ദ സരസ്വതി, കാഞ്ഞങ്ങാട് ചിന്മയ മിഷന് ആചാര്യന് സ്വാമി വിശ്വാനന സരസ്വതി, പൊയിനാച്ചി കേന്ദ്രം ആചാര്യന് സ്വാമി തത്ത്വാനന്ദ സരസ്വതി, സുധീര്‍ ചൈതന്യ, താരിണി ചൈതന്യ, ദിശാ ചൈതന്യ, മിഷന് ഭാരവാഹികളായ എം. ശ്രീകണ്ഠന് നായര്‍, ബി.ആര്. ഷേണായി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ചന്ദ്രന്, പി. ഷൈമ, സുമന അരുണ്‍ എന്നിവര്‍ സംസാരിച്ചു. അഷ്ടോത്തര നാമാര്‍ച്ചന, ആരതി, ഗുരുപാദുക സ്തോത്രം അവലംബിച്ച് വിദ്യാര്‍ഥികളുടെ നൃത്തശില്പം, ഭഗവദ്ഗീതയുടെയും ഹനുമാന് ചാലീസയുടെയും പാരായണം, ചിന്മയാനന്ദ സ്വാമി ഉപയോഗിച്ച വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും നടന്നു. വിവിധ സംസ്ഥാനങ്ങള്‍ കടന്ന് അമൃതയാത്ര ഒക്ടോബര്‍ 22 ന് ദല്‍ഹിയില്‍ സമാപിക്കും.
