കാസര്കോട്: നഷ്ടപ്പെട്ട മൊബൈല് ഫോണുകള് കണ്ടെത്താനായി കാസര്കോട് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവ് വന് വിജയം. CEIR (Cetnral Equipment Identtiy Register) പോര്ട്ടല് ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലൂടെ വിവിധ സ്റ്റേഷനുകളിലായി റിപ്പോര്ട്ട് ചെയ്യപ്പെട്ട പരാതികളിലെ 42 മൊബൈല് ഫോണുകളാണ് പോലീസ് വീണ്ടെടുത്തത്. 2026 ഫെബ്രുവരി 25 മുതല് മാര്ച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകള് ജില്ലാ പോലീസ് ആസ്ഥാനത്തെ കോണ്ഫറന്സ് ഹാളില് വെച്ച് നടന്ന ചടങ്ങില് ജില്ലാ പോലീസ് മേധാവി ബി വി. വിജയ ഭരത് റെഡ്ഡി ഐ പി എസ് പരാതിക്കാര്ക്ക് തിരികെ നല്കി. മൊബൈല് ഫോണുകള് നഷ്ടപ്പെട്ടാല് ഉടന് തന്നെ വിവരം പോലീസിനെ അറിയിക്കുന്നതും ഡി ഇ ഐ ആര്പോര്ട്ടലില് രജിസ്റ്റര് ചെയ്യുന്നതും ഫോണുകള് വേഗത്തില് കണ്ടെത്താന് സഹായിക്കുമെന്ന് ചടങ്ങില് ജില്ലാ പോലീസ് മേധാവി ഓര്മ്മിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ ഫോണുകള് കണ്ടെത്തിയ സൈബര് സെല് ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
