വിദ്യാനഗറില്‍ വന്‍ മയക്കുമരുന്ന് വേട്ട; സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം എം ഡിഎംഎ പിടികൂടി, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം ഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മുട്ടത്തൊടി ആതിഫ് മന്‍സിലില്‍ എ സി.മുഹമ്മദ് അന്‍ഷീദ് (26), ചെങ്കള കുരോടി ഹൗസില്‍ മുഹമ്മദ് അബൂബക്കര്‍ (23) എന്നിവരെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ പി സഫ്വാനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 34.31 ഗ്രാം എംഡി എം എ പോലീസ് കണ്ടെടുത്തു.
തിങ്കളാഴ്ചരാത്രി 8.30ഓടെ മുട്ടത്തൊടി സിറ്റിസണ്‍ നഗറിലായിരുന്നു സംഭവം. പട്രോളിംഗിനിടെ റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കെ എല്‍ 14 എ സി 8049 നമ്പര്‍ സ്വിഫ്റ്റ് കാര്‍ പരിശോധിക്കാന്‍ പോലീസ് അടുത്തേക്ക് ചെന്നപ്പോള്‍, കാറിന് പുറത്തുണ്ടായിരുന്ന യുവാവ് പെട്ടെന്ന് അകത്തുകയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം വാഹനം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും പ്രതികളുടെ പക്കല്‍ നിന്നുമായി മൂന്ന് പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ലഹരിക്കടത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍, രണ്ട് ഐഫോണുകള്‍, വിവിധ ബാങ്ക് കാര്‍ഡുകള്‍,11,240 രൂപയും 30 യുഎഇ ദിര്‍ഹവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ ലഹരിമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനികളാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്‍സ്‌പെക്ടര്‍ പി.സഫ്വാനോടൊപ്പം സി.പി.ഒമാരായ സി. നിധീഷ് ,ബിജു, ജില്ലാ ഡാന്‌സാഫ് സംഘവും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

error: Content is protected !!