പിണറായി സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കെഎസ്എസ്പിഎ നേതൃത്വത്തിലുളള ഉത്തരമേഖല ജീവിത സമര യാത്ര കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചു. ജാഥയ്ക്ക് പാലക്കുന്നില്‍ സ്വീകരണം നല്‍കി

പാലക്കുന്ന്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ധൂര്‍ത്തും അവസാനിപ്പിക്കുക. ജനജീവിതം ദുസ്സഹമാക്കിയ വിലക്കയറ്റത്തിനെതിരെ. സര്‍വ്വീസ് പെന്‍ഷന്‍കാരില്‍ നിന്നും കവര്‍ന്നെടുത്ത 294 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക. വികലമായ മെഡിസെപ്പ് രണ്ടാംഘട്ടം പൊളിച്ചെഴുതുക. കൂടുതല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ എംപാനല്‍ ചെയ്യിക്കുക. 2021 ലെ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി അനുവദിച്ച ക്ഷാമാശ്വാസ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കള്‍ വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധന്‍ നയിക്കുന്ന ഉത്തരമേഖല ജീവിത സമര യാത്ര തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്. ഈ ജാഥയ്ക്കാണ് കെഎസ്എസ്പിഎ ഉദുമ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പാലക്കുന്നില്‍ ആദ്യ സ്വീകരണം നല്‍കിയത്. ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡന്റ് കെ വി വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ എം പി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ശ്രീരാമകൃഷ്ണന്‍, രവീന്ദ്രന്‍ കൊയ്യോടന്‍, പി സി സുരേന്ദ്രന്‍ നായര്‍, രാജന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, സി അശോക് കുമാര്‍, ദാമോദരന്‍ വി, ദാമോദരന്‍ എ, വി കെ കരുണാകരന്‍, കെ വി ശ്രീധരന്‍, കെ ശൈലജ കുമാരി, സുശീല എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മീനാകുമാരി സ്വാഗതവും പ്രസിഡന്റ് കെ വി അശോകന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!