കാഞ്ഞങ്ങാട്: കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 300 കോടി രൂപ വകമാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, സംസ്ഥാനത്ത് വ്യാജ മദ്യവും മയക്കുമരുന്നു കളും തടയുക,ബാറുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി നിജപ്പെടുത്തുക,കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററില്‍ നിന്നും 200 മീറ്ററായി കുറയ്ക്കുക,മിനിമം വേജസ് നോട്ടിഫിക്കേഷന്‍ ഉടന്‍ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് ഐ എന്‍ ടി യു സി നേതൃസംഗമം നടന്നു. കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ നടന്ന നേതൃസംഗമവും അനുമോദന ചടങ്ങും ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ടും മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെമ്പറുമായ പി.ജി.ദേവ് ഉല്‍ഘാടനം ചെയ്തു.
ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡണ്ടും കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പറുമായ തോമസ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. യോഗത്തില്‍ വെച്ച് സംസ്ഥാനത്തെ കള്ള് ചെത്ത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴില്‍ ശ്രേഷ്ഠാപുരസ്കാരം നേടിയ എ.ഷിബുവിനെ പി.ജി.ദേവ് ആദരിച്ചു.ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി പി.ബാലകൃഷ്ണന്,പി.അരവിന്ദന്,സി.സി.ജോര്‍ജ്ജ്, പി.കെ.അജി എന്നിവര്‍ സംസാരിച്ചു. എസ്.ഷൈജു സ്വാഗതവും എ.ഷിബു നന്ദിയും പറഞ്ഞു.
