തിരുവനന്തപുരം: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ പരീക്ഷാനടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് അഞ്ചിലെ എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പുതുക്കിയ പരീക്ഷാതീയതികള്‍ പിന്നീടറിയിക്കും. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ പ്രഥമ അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ‘എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതല്‍ 2026-27 അദ്ധ്യയന വര്‍ഷത്തെ പ്ളസ്വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുന്‍വര്‍ഷത്തെ സീറ്റുകള്‍ ലഭ്യമാണ്. യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠന സാദ്ധ്യതയുറപ്പാക്കും. മൂന്ന് അലോട്ട്മെന്റുകളിലൂടെയായിരിക്കും പ്രവേശനം. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ളിമെന്ററി അപേക്ഷകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി സമയബന്ധിതമായി പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. 2026ലെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിനും രണ്ടാംവര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് ആറിനും ആരംഭിക്കും. 4,11,025 വിദ്യാര്‍ത്ഥികളാണ് ഒന്നാംവര്‍ഷ പരീക്ഷയെഴുതുന്നത്. രണ്ടാംവര്‍ഷ പരീക്ഷയെഴുതുന്നത് 4 52,437 വിദ്യാര്‍ത്ഥികളുമാണ്. 89 മൂല്യനിര്‍ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ആറുമുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. മേയ് 22ന് ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 1966ഉം ഗള്‍ഫില്‍ ഏഴും ലക്ഷദ്വീപില്‍ ഒന്‍പതും മാഹിയില്‍ രണ്ടും പരീക്ഷാകേന്ദ്രങ്ങളാണുള്ളത്’ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകള്‍ മാറ്റി; കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 22 ന്
