ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വനിതാ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഗ്രന്ഥശാലകളില്‍ സ്ത്രീ കൂട്ടായ്മയും സര്‍ഗാത്മകതയും സജീവമാക്കാനും മുഴുവന്‍ ഗ്രന്ഥശാലകളിലും വനിതാ വേദികള്‍ രൂപീകരിക്കാനും ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വനിതാ സംഗമം തീരുമാനിച്ചു. ഗ്രന്ഥശാല പരിധിയിലെ തൊഴിലെടുക്കുന്ന സ്ത്രീകളെ ആദരിക്കല്‍, ദിനാചരണങ്ങള്‍ സംഘടിപ്പിക്കല്‍, സ്ത്രീ മുന്നേറ്റങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ ചര്‍ച്ച, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പൊതു ആഘോഷങ്ങള്‍, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍, എഴുത്ത് കൂട്ടങ്ങള്‍, പ്രാദേശിക സ്ത്രീ ചരിത്ര നിര്‍മാണം, നാടകാവതരണങ്ങള്‍, വിവിധ തൊഴില്‍ മേഖലകളിലേക്കുള്ള യാത്രകള്‍, കൃഷി,സാന്ത്വന പരിചരണങ്ങള്‍, മാനസിക സമ്മര്‍ദ്ദ പരിഹാര കേന്ദ്രങ്ങള്‍, ലഹരി വിരുദ്ധ ക്യാമ്പയിന്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി വനിതാവേദികളുടെ നേതൃത്വത്തില്‍ നടത്തുക.
മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന സംഗമം കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി പി വേണുഗോപാലന്‍, ജില്ലാ ജോ. സെക്രട്ടറി ടി രാജന്‍, കെ ലളിത, രമാ രാമകൃഷ്ണന്‍, എ നിത്യ,പി കുഞ്ഞിരാമന്‍, സി വി വിജയരാജന്‍, ടി തമ്പാന്‍, സുനീഷ് കക്കാട്ടി എന്നിവര്‍ സംസാരിച്ചു. വനിതാവേദി നയരേഖ എന്ന വിഷയത്തില്‍ കേരള ബാങ്ക് ഡയരക്ടര്‍ എ എം മേരി, സ്ത്രീഎഴുത്ത് വായന എന്ന വിഷയത്തില്‍ എഴുത്തുകാരി ബിന്ദു മരങ്ങാട് എന്നിവര്‍ ക്ലാസ്സെടുത്തു. സി ശാരദ, ഡോ. പൂമണി പുതിയറക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ .പി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

 

error: Content is protected !!