ചെറുവത്തൂര്‍: ചെറിയാക്കര റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഖിലേന്ത്യ വോളി നൈറ്റ് നാളെ നടക്കും. വൈകിട്ട് 7ന് എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി താരങ്ങളും സംസ്ഥാന, ദേശീയ താരങ്ങളും അണിനിരക്കുന്ന ആറ് പ്രാദേശികള്‍ ടീമുകളാണ് വോളി നൈറ്റില്‍ മത്സരിക്കുന്നത്. ജോളി കാനായി, യങ്സ്റ്റാര്‍ മാതമംഗലം, ജനശക്തി ആലംന്തട്ട, സി. സി ഒടയംചാല്‍, സ്റ്റാര്‍ ബോയ്‌സ് പാലോത്ത്, യൂത്ത് ഫെയ്‌സ് മാടത്തടുക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന മുംബൈ സ്‌പൈക്കേഴ്‌സ് എന്നീ ടീമുകളാണ് വോളി ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. 600 പേര്‍ക്ക് ഇരുന്നു കളി കാണുന്ന ഗാലറിയും 300 പേര്‍ക്ക് ഇരിക്കാനായി കസേരകളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. വോളി ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനം റെഡ് സ്റ്റാര്‍ ക്ലബ്ബിന് കെട്ടിടം പണിയുന്നതിനും കളിസ്ഥലം നിര്‍മ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ഭാരവാഹികളായ ടി.വി മധു, പി ബിജു, കെ. കെ തമ്പാന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
