കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പ ശേഖറിനെ സ്ഥലംമാറ്റി. തൃശ്ശൂര്‍ കലക്ടര്‍ അര്ജുന് പാണ്ഡ്യനാണ് പുതിയ കാസര്‍കോട് കളക്ടര്‍. ടൂറിസം ഡയറക്ടര്‍ ശിഖസുരേന്ദ്രനെ തൃശൂര്‍ കലക്ടറായി നിയമിച്ചു. ഇമ്പ ശേഖറിന് പകരം നിയമനം നല്‍കിയിട്ടില്ല. ഇടുക്കിയിലെ ഏലപ്പാറ ബോണാമിയില്‍ ജനിച്ച അര്ജുന്, 2016ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പര്‍വതാരോഹണത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എല്‍ബ്രസും കീഴടക്കിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട അദ്ദേഹം, തേയിലച്ചാക്ക് ചുമന്നും ട്യൂഷന് എടുത്തും പഠിച്ചുമാണ് ഐഎഎസ് നേടിയത്. തിരുവനന്തപുരം കിളിമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പഠനത്തിനു ശേഷം കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ ബിടെക് പൂര്‍ത്തിയാക്കി. 2014ല്‍ ടിസിഎസില്‍നിന്നു രാജിവച്ചു മുഴുവന്‍ സമയവും പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ല്‍ ഐഎഎസ് നേടി. 2019ല്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ആയി ചുമതലയേറ്റു.2024 ജൂലായ് മുതല്‍ തൃശ്ശൂരിലെ കലക്ടറാണ്. പാലക്കാട് മെഡിക്കല്‍ കോളജിന്റെ സ്പെഷല്‍ ഓഫിസര്‍ പദവിയും ഉണ്ടായിരുന്നു. ഭാര്യ: ഡോ. പി.ആര്.അനു.
