വൈറ്റിലയിലെ റെയില്‍പാളത്തില്‍ മൃതദേഹം: കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു; സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി: വൈറ്റിലയില്‍ റെയില്‍പാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയെന്ന് കരുതുന്ന പൊന്നുരുന്നി സ്വദേശിയായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയില്‍പാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇദ്ദേഹം റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് വീണതല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും സമീപത്തായി പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.

മൃതദേഹത്തിന് സമീപത്തു നിന്നായി ഒരു മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയാണ് യുവതിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. പേരോ മറ്റു വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഷാജിയും യുവതിയും റെയില്‍പാളത്തിന് സമീപത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ചൊവ്വാഴ്ച  ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.

error: Content is protected !!