കാഞ്ഞങ്ങാട് ഐ.ഐ.പി.ഡി സെന്റര്‍ ആദ്യ ഘട്ടം ജൂണില്‍ സമര്‍പ്പിക്കും

കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്ന ശേഷിക്കാരുടെ സമഗ്ര വികാസത്തിനായി മടിക്കൈ അടുക്കത്ത് പറമ്പില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ പി.ഡി) സംരംഭത്തിന്റെ ആദ്യഘട്ടം മെയ് 31 നകം പൂര്‍ത്തിയാകുമെന്ന് സ്ഥാപന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തെറാപ്പി യൂണിറ്റുകള്‍, കലാപരിശീലന സമുച്ഛയം, ഓഫീസ് സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി പ്രകാശനം നടത്തിയത്. തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭിന്നശേഷി സൗഹൃദമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുക. കാസര്‍കോടിന്റെ പ്രൗഡി വിളിച്ചോതുന്ന ബേക്കല്‍ കോട്ടയുടെ മാതൃകയിലാണ് കലാപരിശീലന സമുച്ചയം നിര്‍മിക്കുന്നത്. അതുകൊണ്ട്തന്നെ ഐ.ഐ.പി.ഡി സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകവും വിസ്മയകരവുമായ നിമിഷങ്ങള്‍ ഇവിടെ ആസ്വദിക്കുവാനും കഴിയും.തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈ അടുക്കത്ത് പറമ്പില്‍ 22 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തി യാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും.120 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2029 ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ഇതോടെ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുവാന്‍ കഴിയും.തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട് സെന്റര്‍ മോഡലിന്റെ പ്രാധാന്യം കൂടുതലിടങ്ങ ളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളോടെ മറ്റൊരു ജില്ലയില്‍കൂടി പദ്ധതി ആരംഭിക്കുന്നത്.

 

error: Content is protected !!