എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി അന്തരിച്ചു

പയ്യന്നൂര്‍: പ്രശസ്ത എഴുതുകാരനും പത്രപ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി(70)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയുണ്ടായി.അബ്ദുള്‍ റഹിമാന്‍ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത് ജലീല്‍ എന്ന ജലീല്‍ രാമന്തളി. ഗള്‍ഫ് ചന്ദ്രിക അബുദാബി ബുറോ ചീഫ് ആയിരുന്നു. ലീഗ് ടൈംസില്‍ ഫ്രൈഡേ ഫീച്ചര്‍, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയില്‍ വര്‍ഷങ്ങളോളം സ്ഥിരമായി എഴുതിയിരുന്നു. നിരവധി സീരിയലുകള്‍, ഡോക്യൂമെന്ററികള്‍, ആല്‍ബങ്ങള്‍, റേഡിയോ എന്നിവയിലും പ്രവര്‍ത്തിച്ചു. നിലത്തുള്ളികളുടെ പുരാവൃത്തം, സ്‌നേഹം ഒരു കടങ്കഥ, മരുഭൂമികള്‍ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍,അഭയം തേടി, നേര്‍ച്ച വിളക്ക്. ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. യു. എ. ഇ. പ്രസിഡണ്ട് ആയിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെക്കുറിച്ചു എഴുതിയ പുസ്തകം ഏറെ പ്രശംസ നേടിയിരുന്നു.പ്രവാസ തുടിപ്പുകള്‍ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്. ദീര്‍ഘ കാലം അബുദാബി മുസ്ലിം റൈറ്റേഴ്‌സ് ഫോറം ഭാരവാഹി അബുദാബി തുഹ്ഫ മിഷന്‍ ജനറല്‍ കണ്‍വീനര്‍ കാഞ്ഞങ്ങാട് പി. പി. കുഞ്ഞബ്ദുല്ല ഫൗണ്ടേഷന്‍ ഫോറം സെക്രട്ടറി തുടങ്ങി പയ്യന്നൂര്‍, എട്ടിക്കുളം, രാമന്തളി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്. ഭാര്യ: റഹീമ. മക്കള്‍: സാമിന, അമീന, സല്‍വ, പരേതയായ അഫീഫ. മരുമക്കള്‍: സലാം (കുഞ്ഞി മംഗലം),അബ്ദുള്‍ ഖാദര്‍, അറഫാത്ത് (ഇരുവരും രാമന്തളി ).

 

error: Content is protected !!